പേരിന്റെ അറ്റത്തുള്ള ജാതിവാല്‍ എടുത്ത് കളഞ്ഞാലും പലരുടെയും മനസില്‍ നിന്നും അത്തരം ചിന്തകള്‍ എടുത്ത് കളയാന്‍ പറ്റില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ജാതി രാഷ്ട്രീയം പറയുന്ന ‘ഭാരത സര്‍ക്കസ്’ ആണ് ഷൈനിന്റെതായി തിയേറ്ററില്‍ എത്തിയിരിക്കുന്ന പുതിയ ചിത്രം.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് താരം പ്രതികരിച്ചത്. ഒരു സിനിമ കണ്ടതിനു ശേഷം അതിനെ കുറിച്ച് ചര്‍ച്ചകളുണ്ടാകുന്നത് വലിയ നേട്ടമായി കരുതുന്നു. അതില്‍ എന്തോ കാര്യമായി ഉണ്ട് എന്നതാണ് അത് സൂചിപ്പിക്കുന്നത്. മിക്കവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്.
എതിര് അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. പടം കണ്ടിട്ടാണ് അത്തരം കമന്റുകള്‍ വരുന്നത്. അത് വളരെയധികം സന്തോഷം തരുന്നു. ഇന്നത്തെ തലമുറയ്ക്ക് ജാതി സംബന്ധമായ വിഷയങ്ങളൊന്നും അറിയില്ല എന്നായിരുന്നു ഒരു സ്ത്രീയുടെ അഭിപ്രായം.
എങ്കില്‍ എല്ലാവരും മിണ്ടാണ്ടിരിക്കേണ്ടി വരില്ലേ? കുറേ കാര്യങ്ങളൊക്കെ നമ്മള്‍ അറിഞ്ഞിട്ട് ഇല്ലാതാക്കേണ്ടതാണ്. ആ സ്ത്രീ അത്രയെങ്കിലും ചിന്തിച്ചല്ലോ എന്നോര്‍ത്ത് നമുക്ക് സന്തോഷിക്കാം. ഒരു സിനിമ കൊണ്ടൊന്നും ജാതീയത ഇല്ലാതാകുന്നില്ല, ഇതൊരു ഓര്‍മ്മപ്പെടുത്തലാണ് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.
അതേസമയം, സോഹന്‍ സീനുലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഭാരത സര്‍ക്കസ്. ഷൈനിനൊപ്പം ബിനു പപ്പു, സംവിധായകന്‍ എം.എ നിഷാദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.