ദിലീപും ജയറാമും ആരുടെ ചിത്രത്തിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയാവും, എന്നാൽ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല: ഷൈൻ ടോം ചാക്കോ

മലയാളത്തിൽ സഹതാരമായി തുടങ്ങി നായകനടനായി തിളങ്ങിയാ താരമാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴിതാ ഷൈൻ ടോം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദിലീപും ജയറാമും ഏത് സംവിധായകന്റെ സിനിമയിൽ അഭിനയിച്ചാലും അത് അവരുടെ സിനിമയായി മാറുമെന്നും എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഏതെങ്കിലും ചിത്രത്തിൽ അഭിനയിച്ചാൽ അത് സംവിധായകന്റെ തന്നെ സിനിമയായിരിക്കുമെന്നും ഷൈൻ ടോം പറയുന്നു.

“ദിലീപേട്ടനും ജയറാമേട്ടനുമൊക്കെ ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ പടം തന്നെയാവും. പക്ഷെ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല. അവർ രണ്ട് പേരും അഭിനയിക്കുന്ന പടങ്ങൾ അവരുടെ സംവിധായകരുടെ പടം പോലെയിരിക്കും. ഖാലിദ് റഹ്മാൻ്റെ കൂടെ ഉണ്ട എന്ന ചിത്രം ചെയ്യുമ്പോഴാണ് മനസിലായത്, റഹ്മാൻ എന്നാൽ 27 വയസായ പയ്യൻ. മമ്മൂക്ക ഒരു പത്തമ്പത്താറ് വയസുള്ള ആളും.

എന്നിട്ടും അദ്ദേഹം റഹ്മാൻ പറയുന്നത് കേട്ട്, ചെയ്യുന്നത് കണ്ട് ഞാൻ അതിശയിച്ചു പോയി. അതായത് ഒരു കൊച്ച് അനുസരിക്കുന്ന പോലെയാണ് പുള്ളി ചെയ്യുന്നത്. മമ്മൂക്ക അദ്ദേഹത്തിന്റെ അഭിപ്രായങ്ങളൊക്കെ പറയും. പക്ഷെ സംവിധായകർ പറയുന്നതൊക്കെ അവർ അനുസരിക്കും.

ഒരു അഭിനേതാവ് എന്നാൽ നല്ല അനുസരണ ശീലവും ക്ഷമയുമുള്ള ഒരു കുട്ടി ആയിരിക്കണം. അല്ലെങ്കിൽ അവർ ചെയ്യുന്ന കഥാപാത്രങ്ങൾ എപ്പോഴും ഒരുപോലെയായിരിക്കും.” എന്നാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ പറഞ്ഞത്.

Read more