വളരെ കുറച്ച് സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശിവദ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി ‘12th മാൻ, ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിളിലൂടെ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. ഇപ്പോഴിത തന്റെ ജീവിതത്തിൽ സംഭവിച്ച പോസ്റ്റ്പാർട്ടം നാളുകളെപ്പറ്റി തുറന്ന് പറയുകയാണ് ശിവദ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്. പൊതുവേ പ്രസവ ശേഷം സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻസ്.
എനിക്കും അതുണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് ഇതിനെക്കുറിച്ച് ധാരണ ഉണ്ടാകാൻ സഹായകമാകും എന്നു കരുതിയാണ് തുറന്നു പറഞ്ഞത്. പൊതുവേ ആളുകൾ പ്രസവകാലത്തെ സന്തോഷകരമായ സമയമായാണ് പറയാറ്. പക്ഷേ സ്ത്രീകൾ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന കാലം കൂടിയാണിത്. പ്രസവിക്കാൻ പോകുന്ന അന്നു പോലും തനിക്ക് ഛർദി ഉണ്ടായിരുന്നു. എല്ലാ മാസവും ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നിട്ടുണ്ട്.
കുഞ്ഞു വന്നശേഷം പാൽ കെട്ടി നിൽക്കുന്ന പ്രശ്നം, ക്രാക്ക്ഡ് നിപ്പിൾ ഒക്കെ ഉണ്ടായി. രാത്രി മുഴു വൻ കുഞ്ഞിനെയും എടുത്തു കൊണ്ട് ഉറങ്ങാതിരിക്കേണ്ടി വന്നിട്ടുണ്ട്. കിടത്തിയാൽ ഉടൻ കരച്ചിൽ തുടങ്ങും. അതുകൊണ്ട് മറ്റു വഴികളില്ല. പിറ്റേന്നു രാവിലെ കൈകൾ അനക്കാൻ കഴിയാത്ത വിധത്തിലായി പോയിരുന്നുവെന്നും ശിവദ പറഞ്ഞു.
ഭർത്തനിന്റെയും വീട്ടുകാരുടെയും പിന്തുണ ഉണ്ടായിരുന്നിട്ടു പോലും താൻ വിഷാദത്തിൽ പെട്ടു. നല്ല കുടുംബം ഇരുവശത്തും ഉണ്ടായതു കൊണ്ടു മാത്രമാണ് അത് വളരെ വേഗം കുറഞ്ഞത്. വിഷാദം എന്നെ ബാധിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായപ്പോൾ മുതൽ അത് മാറ്റാനായി താൻ പലതും ശ്രമിച്ചു. കൂടുതൽ സമയം ആക്റ്റീവ് ആയിരിക്കാൻ ശ്രദ്ധിച്ചു. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് താനും ഉറങ്ങും. യോഗ ചെയ്യും.
അങ്ങനെ നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾക്കു വേണ്ടി കൂടുതൽ ശ്രമിച്ചു. വെറുതേ ഇരിക്കുന്നതു പോലും ചിലപ്പോൾ സന്തോഷമായിരിക്കും. ഇതെല്ലാം പ്രസവവുമായി ബന്ധപ്പെട്ട പ്രയാസമാണെങ്കിലും പിന്നീട് അതൊക്കെ സന്തോഷമായി മാറും. രാവിലെ കിട്ടുന്ന കൊഞ്ചിയുള്ള ഗുഡ്മോണിങ്, കെട്ടിപ്പിടുത്തം, കുഞ്ഞുമ്മകൾ, ജോലി കഴിഞ്ഞു നമ്മൾ വരുമ്പോഴുള്ള അവളുടെ മുഖത്തെ സന്തോഷം ഒക്കെ തരുന്ന ആനന്ദങ്ങൾക്ക് അളവില്ലെന്നും ശിവദ കൂട്ടിച്ചേർത്തു.