സിനിമയിലെ കാരവാന്‍ രീതിയോട് തനിക്ക് താല്‍പര്യമില്ലെന്ന് നടി ശോഭന. കാരവന്‍ ഒരു ശല്യമായിട്ടാണ് തോന്നിയിട്ടുള്ളത്. കാരവനില്‍ ഇരുന്നാല്‍ മൊത്തം സ്‌ക്രിപ്റ്റ് തന്നെ കയ്യില്‍ നിന്നു പോകുന്നതു പോലെ തോന്നും. പലരും അഭിനേതാക്കളെ വിലയിരുത്തുന്നത് കാരവനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വച്ചുമൊക്കെയാണ്. അമിതാഭ് ബച്ചന്‍ പോലും കാരവാന്‍ ഒഴിവാക്കി സെറ്റില്‍ ഇരിക്കാറുണ്ട്. താന്‍ ഒക്കെ സെറ്റില്‍ ചെന്നാല്‍ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാന്‍ വല്ല മരമോ മറയോ ഉണ്ടോ എന്നാണ് ശോഭന പറയുന്നത്.
എനിക്ക് കാരവാന്‍ താല്‍പര്യമില്ല. ഞാന്‍ വേണ്ടെന്ന് പറഞ്ഞാലും എന്നോടു കാരവനില്‍ കയറി ഇരിക്കാന്‍ പറയും. പണ്ട് കാരവന്‍ ഇല്ലാത്തതു കൊണ്ട് വളരെ വേഗത്തില്‍ കോസ്റ്റ്യൂം മാറി വരും. സെറ്റില്‍ ചെന്നാല്‍ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാന്‍ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. കോസ്റ്റ്യൂം ചേഞ്ച് ഏതെങ്കിലും വീട്ടിലാണെന്ന് പറഞ്ഞാല്‍ വണ്ടി കയറി അങ്ങോട്ടുപോയി തിരിച്ചുവരുന്ന സമയം ലാഭിക്കാന്‍ സെറ്റില്‍ തന്നെ വസ്ത്രം മാറ്റും.
ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാന്‍ നോക്കും. എന്റെ തലമുറയില്‍ പെട്ട ഖുശ്ബു, സുഹാസിനി, രാധിക തുടങ്ങിയവരെല്ലാം സെറ്റിലെ പരിമിതികള്‍ അറിഞ്ഞു പെരുമാറുന്നവരായിരുന്നു. കാരവന്‍ ഒരു ശല്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതില്‍ കയറി ഇറങ്ങി വരുമ്പോഴേക്കും എന്റെ മുട്ട് വേദനിക്കും. എന്നെ സംബന്ധിച്ചിടത്തോളം മൊത്തം സ്‌ക്രിപ്റ്റ് തന്നെ കയ്യില്‍ നിന്നു പോകുന്ന ഫീലാണ്.
ഉദാഹരണത്തിന് ഒരു തറവാട്ടിലാണ് ഷൂട്ട് എന്നു കരുതൂ. അവിടെ സെറ്റില്‍ തന്നെ ഇരിക്കുമ്പോള്‍ ആ ഇടവുമായി നമ്മള്‍ കണക്ട് ആകും. മറ്റുള്ളവര്‍ അഭിനയിക്കുന്നത് കാണാന്‍ കഴിയും. അങ്ങനെ ആ സ്‌ക്രിപ്റ്റിനെ ഉള്‍ക്കൊള്ളാന്‍ കഴിയും. കാരവന്‍ വന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ കട്ട് ആകുന്ന പോലെ. അതില്‍ കയറി ഇരിക്കുമ്പോള്‍ നാം സോഷ്യല്‍ മീഡിയ പോലെ വേറെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കും.
അതുകൊണ്ട്, കാലാവസ്ഥ നല്ലതാണെങ്കില്‍ ഞാന്‍ കാരവന്‍ വേണ്ട, സെറ്റിലെ ഏതെങ്കിലും മുറിയില്‍ ഇരുന്നോളാം എന്നു പറയും. കല്‍ക്കി സിനിമയില്‍ ബച്ചന്‍ സര്‍ അത്രയും പ്രോസ്തറ്റിക് മേക്കപ്പ് ചെയ്തിട്ട് ചെറിയൊരു പ്ലാസ്റ്റിക് ചെയറില്‍ വന്നിരിക്കുന്നത് കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഒന്ന് എഴുന്നേറ്റിട്ട് വീണ്ടും ഇരിക്കും. അദ്ദേഹത്തിന് മാത്രമായി അഞ്ച് ലക്ഷം രൂപ ദിവസ വാടകയ്ക്ക് ഒരു കാരവാന്‍ അവിടെയുണ്ട്. അദ്ദേഹം പക്ഷേ, അതിനുള്ളില്‍ പോകില്ല.
കാരണം, അത് ഒട്ടും സുഖപ്രദമല്ല. ഇപ്പോള്‍ കാരവന്‍ വച്ചാണ് ആര്‍ട്ടിസ്റ്റുകളുടെ റേഞ്ച് വിലയിരുത്തുന്നത് എന്നു തോന്നുന്നു. ഞാനിപ്പോള്‍ ഒരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്. അതൊരു ബിഗ് ബജറ്റ് സിനിമയാണ്. അവര്‍ ചോദിച്ചു, എന്റെ കൂടെ എത്ര പേര്‍ കാണുമെന്ന്! ഞാന്‍ പറഞ്ഞു, ആരും ഉണ്ടാകില്ലെന്ന്. അവര്‍ ഞെട്ടിപ്പോയി. പലരും അഭിനേതാക്കളെ വിലയിരുത്തുന്നത് കാരവനും ഒപ്പം വരുന്ന ആളുകളുടെ എണ്ണം വച്ചുമൊക്കെയാണ് എന്നാണ് ശോഭന പറയുന്നത്.