മോഹന്‍ലാലിനൊപ്പമുള്ള ‘തുടരും’ എന്ന ചിത്രമാണ് നടി ശോഭനയുടെതായി ഇപ്പോള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതിന് മുമ്പ് മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും ഒന്നിച്ച് അഭിനയിക്കാന്‍ ഇരുന്നിരുന്നു. ദൃശ്യം എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിക്കാനിരുന്നത്.
എന്നാല്‍ ശോഭന ദൃശ്യം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിന് പിന്നിലെ കാരണമാണ് നടി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ”ദൃശ്യം എനിക്ക് വന്ന സിനിമയാണ്. സ്‌ക്രിപ്റ്റ് വരെ അയച്ചിരുന്നു. പക്ഷെ ഞാന്‍ ചെയ്തില്ല. കാരണം ആ സമയത്ത് ഞാന്‍ വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നു” എന്നാണ് ശോഭന ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ ‘തിര’ എന്ന ചിത്രത്തിലാണ് ഈ സമയത്ത് ശോഭന അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. തുടരും സിനിമയില്‍ ചിത്രത്തില്‍ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാമിലി ഡ്രാമ ഴോണറിലാണ് ചിത്രം എത്തുന്നത്.