വളർന്നു വരുന്ന സമയത്ത് താൻ മറ്റൊരാളുടെ മകളായി നടിക്കുമായിരുന്നുവെന്ന് നടിയും ഗായികയുമായ ശ്രുതി ഹാസൻ വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ നടി ശ്രുതി ഹാസൻ, പ്രശസ്തരായ മാതാപിതാക്കളാൽ വളർത്തപ്പെട്ടതിനെക്കുറിച്ചും അവരുടെ താരപദവിയെ താൻ എങ്ങനെ നേരിട്ടുവെന്നും തുറന്നുപറഞ്ഞു. ശ്രുതി ഹാസൻ തൻ്റെ പിതാവ് കമൽഹാസൻ്റെ പാത പിന്തുടർന്ന് 2009-ൽ ‘ലക്ക്’ എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് പ്രവേശിച്ചു. എന്നാൽ മദൻ ഗൗരിയോട് സംസാരിച്ചപ്പോൾ, സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുക എന്നതിലുപരി മറ്റൊന്നും തനിക്ക് ആവശ്യമില്ലെന്ന് അവർ സമ്മതിച്ചു.
സരികയുടെയും കമലിൻ്റെയും മകളായതിൽ താൻ അഭിമാനിക്കുന്നുണ്ടെങ്കിലും ചെറുപ്പത്തിൽ തന്നെ അത് അലോസരപ്പെടുത്തിയെന്നും ശ്രുതി അഭിമുഖത്തിൽ പറഞ്ഞു. “ആളുകൾ എന്നോട് നിരന്തരം അദ്ദേഹത്തെക്കുറിച്ച് ചോദിക്കും, അത് എല്ലാ സമയത്തും ചോദിക്കും. ഞാൻ ശ്രുതി ആണ്, എനിക്ക് എൻ്റെ സ്വന്തം ഐഡൻ്റിറ്റി വേണം. ആളുകൾ എന്നെ ചൂണ്ടിക്കാണിച്ചു പറയും ഏയ് അത് കമലിൻ്റെ മകളാണ്. ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും അല്ല, എൻ്റെ അച്ഛൻ ഡോക്ടർ രാമചന്ദ്രനാണ്. അത് ഞങ്ങളുടെ ദന്തഡോക്ടറുടെ പേരായിരുന്നു. ‘ആൻഡ് ഐ ആം പൂജ രാമചന്ദ്രൻ’ എന്ന് ഞാൻ പറയുമായിരുന്നു. അത് എനിക്ക് വേണ്ടി ഞാനുണ്ടാക്കിയ പേര് ആണ്.”
തൻ്റെ പിതാവ് താൻ കണ്ടുമുട്ടിയവരിൽ നിന്ന് വ്യത്യസ്തനാണെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹത്തിൻ്റെ പ്രശസ്തിയിൽ നിന്ന് രക്ഷപ്പെടാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും ശ്രുതി പറഞ്ഞു. “എൻ്റെ അച്ഛൻ ഒരു നടനോ പ്രശസ്തനായ വ്യക്തിയോ മാത്രമല്ല, ഞാൻ കണ്ടുമുട്ടിയ എല്ലാവരിൽ നിന്നും വ്യത്യസ്തനാണെന്ന് കുട്ടിക്കാലം മുതൽ എനിക്കറിയാമായിരുന്നു. ശാഠ്യക്കാരായ രണ്ടുപേരാണ് എന്നെ വളർത്തിയത്, അത് എന്നെയും എൻ്റെ സഹോദരിയെയും സ്വാധീനിച്ചിട്ടുണ്ട്. അവർ വേർപിരിഞ്ഞപ്പോൾ ഞാൻ ബോംബെയിലേക്ക് മാറി. ഇവിടെ (ചെന്നൈയിൽ) ശ്രുതി ആയിരിക്കുന്നത് ഞാൻ ഒരിക്കലും ആസ്വദിച്ചിട്ടില്ല. ഇവിടമാകെ അപ്പയുടെ പോസ്റ്ററുകളാകുമ്പോൾ അദ്ദേഹത്തിൻ്റെ പ്രശസ്തിയിൽ നിന്ന് വേർപെടുത്തുക പ്രയാസമാണ്. ഇന്ന്, കമൽഹാസൻ ഇല്ലാത്ത ശ്രുതിയെ സങ്കൽപ്പിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.