സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍. സെറ്റിലെ ക്രിയാത്മക ജോലികള്‍ക്ക് തടസമാകുമെന്ന് കരുതിയാണ് പരിശോധനയെ എതിര്‍ത്തത് എന്നാണ് സിബി മലയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.
ഖാലിദ് റെഹ്‌മാനെയും അഷറഫ് ഹംസയും പിടികൂടിയത് നടുക്കമുണ്ടാക്കി. ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജ്ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമാണ് എന്നാണ് സിബി മലയില്‍ പറയുന്നത്. അതേസമയം, ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ ഖാലിദ് റഹ്‌മാനെയും അഷറഫ് ഹംസയും ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ലഹരി ഉപയോഗിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇവര്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചര്‍ച്ചയാകുന്നതിനിടെയാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച് യുവ സംവിധായകരുടെ അറസ്റ്റ്.
ഖാലിദ് റഹ്‌മാന്റെ ആലപ്പുഴ ജിംഖാന മികച്ച റിപ്പോര്‍ട്ടുകളോടെ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെയാണ് സംവിധായകനെ കഞ്ചാവ് കേസില്‍ പിടികൂടുന്നത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിന് പിന്നാലെ മുന്‍നിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചര്‍ച്ചയായിട്ടുണ്ട്.