ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളെ ലക്ഷ്യം വച്ചുള്ള സിനിമയല്ല ‘കൊത്ത്’ എന്ന് സംവിധായകന്‍ സിബി മലയില്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിടയില്‍ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളാണ് കൊത്ത് എന്ന സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത് എന്നാണ് സിബി മലയില്‍ പറയുന്നത്.
ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെയോ പ്രത്യയശാസ്ത്രത്തെയോ വിമര്‍ശിക്കാനോ ഇകഴ്ത്തിക്കാട്ടാനോ ലക്ഷ്യമിട്ടുള്ള സിനിമയല്ല കൊത്ത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിടയില്‍ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളാണ് പറയാന്‍ ശ്രമിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോെല വയലന്‍സ് സിനിമയല്ല കൊത്ത്.
ഒരു ഇമോഷണല്‍ ത്രില്ലറാണ്. എന്റെ കരിയറിലെ മികച്ച സിനിമകളുടെ ഗണത്തിലേക്ക് അടയാളപ്പെടുത്തും. അവസാനം ഞാന്‍ ചെയ്ത ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാതെപോയി. നല്ല തിരക്കഥ കിട്ടിയിട്ടേ സിനിമ ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനം ചെറിയ ഇടവേളയുണ്ടാക്കി.
ഞാന്‍ കാത്തിരുന്ന രീതിയിലുള്ള എഴുത്തുകാരനാണ് ഹേമന്ദ്. മികച്ച എഴുത്തുകാര്‍ ഉണ്ടായാല്‍ മാത്രമേ കാലത്തെ അതിജീവിക്കുന്ന സിനിമകള്‍ ഉണ്ടാവൂ എന്നാണ് സിബി മലയില്‍ പറയുന്നത്. ഏഴു വര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം 16-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഹേമന്ദ് കുമാറാണ് രചന. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം.