അങ്ങേത്തലക്കൽ നിന്നും വിറയാർന്ന ശബ്ദത്തിൽ കമൽ പറഞ്ഞു 'സിബീ നമ്മുടെ ലോഹി പോയി'..; ലോഹിതദാസിന്റെ ഓർമ്മകളിൽ സിബി മലയിൽ

മലയാളത്തിലെ എക്കാലത്തെയും മികച്ചതിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ലോഹിതദാസ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് മികച്ച കഥാപാത്രങ്ങളും സിനിമകളും 24 വർഷത്തെ തന്റെ സിനിമ ജീവിതത്തിനിടയിൽ ലോഹിതദാസ് സമ്മാനിച്ചു. ലോഹിതദാസിന്റെ തൂലിക നിലച്ചിട്ട് ഇന്നേക്ക് പതിനഞ്ച് വർഷങ്ങൾ.

1987-ൽ സിബി മലയിലിന്റെ ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതികൊണ്ടായിരുന്നു ലോഹിതദാസ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാളത്തിലെ തന്നെ അക്കാലത്തെ മികച്ച സംവിധായകരായ ജോഷി, ഭരതൻ, ഐ. വി ശശി, സത്യൻ അന്തിക്കാട് തുടങ്ങീ നിരവധി പ്രതിഭകളോടൊപ്പം പ്രവർത്തിച്ചു. അതിൽ തന്നെ സിബി മലയിലുമായി ചേർന്ന് പുറത്തിറങ്ങിയ കിരീടം, ഭരതം, ധനം, കമലദളം, ചെങ്കോൽ തുടങ്ങിയ സിനിമകളെല്ലാം തന്നെ ഇന്ന് ക്ലാസിക്കുകളാണ്.

ഇപ്പോഴിതാ ലോഹിതദാസിന്റെ ഓർമ്മദിവസത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിബി മലയിൽ. മോഹൻലാലുമായുള്ള പുതിയ സിനിമയുടെ കഥ കേൾക്കാൻ വേണ്ടി ലോഹിതദാസിനെ കാണാൻ പോവുന്ന വഴിക്കാണ് മരണവാർത്തയറിഞ്ഞതെന്ന് സിബി മലയിൽ കുറിക്കുന്നു. തന്നോട് പറയാൻ ലോഹി കരുതി വച്ചിരുന്ന ആ കഥ എന്തായിരുന്നിരിക്കും എന്ന് കുറിപ്പ് അവസാനിപ്പിച്ചുകൊണ്ട് സിബി മലയിൽ ചോദിക്കുന്നു.

സിബി മലയിലിന്റെ വാക്കുകൾ:

ഇന്ന് 2024 ജൂൺ ഇരുപത്തിയെട്ട് . മാക്ടയുടെ മുപ്പതാമത്‌ വാർഷിക പൊതുയോഗം കൊച്ചിയിൽ നടക്കുകയാണ് . പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ജൂൺ ഇരുപത്തിയേഴിനു തിരുവനന്തപുരത്തു വച്ച് നടന്ന മാക്ടയുടെ പതിനഞ്ചാം വാർഷിക പൊതുയോഗത്തിന് ശേഷം പിറ്റേന്ന് രാവിലെ തന്നെ തനിച്ചു വണ്ടിയോടിച്ചു കൊച്ചിയിലേക്ക് പുറപ്പെട്ടു.

കൊച്ചിയിലെത്തി അടുത്ത ദിവസം തന്നെ ലക്കിടിയിലേക്കു പോകണം. മുൻകൂട്ടി തീരുമാനിച്ച പ്രകാരം ലോഹി അവിടെ മോഹൻലാലുമൊത്തുള്ള ഞങ്ങളുടെ പുതിയ സിനിമയുടെ കഥ പറയാൻ കാത്തിരിപ്പുണ്ട്…ഏറെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഞങ്ങൾ മൂവരുടെയും കൂടിച്ചേരലിന്റെ ആവേശവും സന്തോഷവും മൂലം ഒറ്റയ്ക്കുള്ള യാത്രയുടെ വിരസതയൊന്നും ഞാൻ അറിഞ്ഞതേയില്ല.

ചേർത്തല ബൈപാസ്സെത്തിയപ്പോൾ മോനിഷയുടെ വേർപാടിന്റെ ഓർമ്മകൾ ഒരു നൊമ്പരമായി ഉള്ളിലേക്ക് കിനിഞ്ഞിറങ്ങി … പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ മൊബൈൽ ഫോൺ അലറിക്കരഞ്ഞു . അങ്ങേത്തലക്കൽ നിന്നും വിറയാർന്ന ശബ്ദത്തിൽ കമൽ പറഞ്ഞു “സിബീ നമ്മുടെ ലോഹി പോയി”. എന്റെ വണ്ടി ഒരു നിമിഷം ഒന്ന് പാളി.

പിന്നീട് കമൽ പറഞ്ഞതെല്ലാം അവ്യക്തമായ ശബ്ദങ്ങളായി മാത്രം എന്റെ ചെവിയിൽ മുഴങ്ങി .പിന്നെ തുടരെത്തുടരെ ആരൊക്കെയോ വിളിച്ചുകൊണ്ടിരുന്നു ,എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു .ഇടക്ക് പ്രതികരണം ചോദിച്ചു വിളിച്ച ഏതോ മാധ്യമപ്രവർത്തകനോട് ഞാൻ കയർത്തുകൊണ്ടു എന്തൊക്കെയോ പറഞ്ഞു.

എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു എനിക്ക് തിരിയുന്നുണ്ടായിരുന്നില്ല ,മുൻപിലെ റോഡ് എനിക്കൊരു മങ്ങിയ കാഴ്ച മാത്രമായിരുന്നു . ചേർത്തലയിൽ നിന്നും എറണാകുളം ലിസ്സി ആശുപത്രിവരെ എങ്ങനെ വണ്ടിയോടിച്ചെത്തിയെന്നു എനിക്കിന്നുമറിയില്ല .ആരൊക്കെയോ ചേർന്നെന്നെ ആശുപത്രിയിലെ മുകൾനിലയിലെ ഒരു മുറിയിലേയ്ക്ക് കൊണ്ടുപോയി,

അവിടെക്കണ്ട ഒരു പച്ച വിരിമറക്കപ്പുറം ലോഹിയുണ്ടെന്ന് ആരോ പറഞ്ഞു. ഒരു താങ്ങിനായി ചാരി നിന്ന ചുമരിലൂടെ ഊർന്നിറങ്ങിയ എന്നെ ആരോ താങ്ങുന്നുണ്ടായിരുന്നു… എന്നോട് പറയാൻ ലോഹി കരുതി വച്ചിരുന്ന ആ കഥ എന്തായിരുന്നിരിക്കും.

Latest Stories

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍