മോഹൻലാൽ ഫാൻസിന് ദേവദൂതൻ അന്ന് അത്രയ്ക്ക് രസിച്ചിട്ടുണ്ടാവില്ല..: സിബി മലയിൽ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്..

അത്തരത്തിൽ സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ദേവദൂതൻ. ചിത്രത്തിന്റെ റീ റിലീസീനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റെ 4K റീ റിലീസ് ട്രെയ്​ലറും, പൂവേ പൂവേ പാലപ്പൂവേ എന്ന ഗാനവും പുറത്തുവിട്ടിരുന്നു. ജൂലൈ 26-നാണ് ചിത്രം റീറിലീസായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. സിനിമ റിലീസ് ചെയ്ത സമയത്ത് നെഗറ്റീവ് റെസ്പോൺസ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സിബി മലയിൽ പറയുന്നത്.

“സിനിമ റിലീസ് ചെയ്ത സമയത്ത് അതിനൊരു നെഗറ്റീവ് റെസ്പോൺസ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. സിനിമയുടെ ക്വാളിറ്റിയിൽ ഞങ്ങൾക്ക് അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. മലയാളത്തിൽ അതുവരെ കാണാത്ത ഴോണറിലുള്ള, പറയാത്ത രീതിയിലുള്ള, സ്റ്റോറി ടെല്ലിങ്ങും വിഷ്വൽ ക്വാളിറ്റിയുമുള്ള സിനിമയായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകർ സ്വീകരിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അത്തരം പുതുമകളെ സ്വീകരിക്കുന്ന പ്രവണതയായിരുന്നു മലയാള സിനിമയ്ക്കുള്ളത്. എന്നാൽ ദേവദൂതൻറെ കാര്യത്തിലത് സംഭവിച്ചില്ല.

പിന്നീട് ഞാൻ മനസിലാക്കിയത്, മോഹൻലാൽ ഒരു സൂപ്പർ സ്റ്റാർഡത്തിലേക്ക് അപ്പോഴേക്കും എത്തിയിരുന്നു എന്നതാണ്. അദ്ദേഹത്തിൻറെ ഫാൻസിന് ഒരുപക്ഷെ ദേവദൂതൻ അത്രത്തോളം രസിച്ചിട്ടുണ്ടാവില്ല. അവർ പ്രതീക്ഷിച്ച പോലെ ഒരു സിനിമയായിരുന്നില്ല. അതൊക്കെയായിരിക്കാം അന്ന് ദേവദൂതന് തിരിച്ചടിയായിട്ടുണ്ടാവുക.” എന്നാണ് ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.