ചെറുപ്പക്കാരൊക്കെ എവിടെന്നൊക്കെയോ എന്‍റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നുണ്ട്..; 'ദേവദൂതൻ' റീ റിലീസിനെ കുറിച്ച് സിബി മലയിൽ

ദേവദൂതൻ റീ റിലീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് പ്രേക്ഷക പ്രശംസ നേടാതെ പരാജയപ്പെട്ടുപോയ സിനിമ ഇന്ന് വീണ്ടും പ്രേക്ഷകർ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

സിബി മലയിൽ തന്റെ ആദ്യ ചിത്രമായി ചെയ്യാൻ തീരുമാനിക്കുകയും പത്മരാജനെ കൊണ്ട് തിരക്കഥയെഴുതിക്കാൻ പ്ലാൻ ചെയ്യുകയും ചെയ്ത് ദേവദൂതന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് രഘുനാഥ് പാലേരിയാണ്. സംഗീതത്തിന് ഏറെ പ്രധാനയമുള്ള ചിത്രത്തിലെ വിദ്യാസാഗറിന്റെ ഗാനങ്ങളും എവർഗ്രീൻ ഹിറ്റുകളാണ്.

ഇപ്പോഴിതാ ദേവദൂതൻ റീറിലീസിന് ശേഷം ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞൊരു സിനിമ, 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുതിയ തലമുറ ആ സിനിമ കാണാന്‍ ആഗ്രഹിക്കുകയും അവരുടെ മുന്നിലേക്ക് ആ സിനിമയുടെ ഏറ്റവും നല്ല വെര്‍ഷന്‍ എത്തുകയും ചെയ്തിരിക്കുന്നുവെന്നത് സന്തോഷം നൽകുന്ന ഒരു കാര്യമാണെന്നാണ് സിബി മലയിൽ പറയുന്നത്.

“വളരെ സന്തോഷമാണ്. ജീവിതത്തില്‍ ഇങ്ങനെ ഒരനുഭവം മറ്റൊരു സംവിധായകനും ഉണ്ടായിട്ടുണ്ടാവില്ല. കാരണം 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞൊരു സിനിമ, 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുതിയ തലമുറ ആ സിനിമ കാണാന്‍ ആഗ്രഹിക്കുകയും അവരുടെ മുന്നിലേക്ക് ആ സിനിമയുടെ ഏറ്റവും നല്ല വെര്‍ഷന്‍ എത്തുകയും ചെയ്തിരിക്കുന്നു.

ദേവദൂതന് ഇത്രയും വലിയൊരു സ്വീകാര്യത ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. സിനിമ കണ്ട് ആള്‍ക്കാര്‍ പോകും എന്നായിരുന്നു മനസില്‍. മനസ്സിന് കുളിർമയേകുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. എല്ലാം അത്ഭുതമാണ്. ഇതൊരു പഴയ സിനിമ ആണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താമായിരുന്നു.

പക്ഷേ പുതിയൊരു സിനിമ കണ്ട ഫിലീങ്ങിലാണ് ആള്‍ക്കാര്‍ പോകുന്നത്. ചെറുപ്പക്കാരൊക്കെ എവിടെന്നൊക്കെയോ എന്‍റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നുണ്ട്. അന്ന് സിനിമ കണ്ടിട്ടില്ലാത്തവരാണ് ഈ സിനിമ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്നത്. കണ്ടവരും വന്ന് കാണുന്നു. അന്നത്തെ പോലെ അല്ലെന്ന് പറയുന്നു. വളരെ റെയർ ആയിട്ടുള്ളൊരു കാര്യമാണിത്. കാൽ നൂറ്റാണ്ടിന് മുൻപ് തിയറ്ററിൽ ടോട്ടറി റിജക്റ്റഡ് ആയിട്ടുള്ളൊരു സിനിമ സ്വീകരിക്കപ്പെട്ടിരിക്കുന്നു.” എന്നാണ് സിബി മലയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രമെത്തിയിരിക്കുന്നത്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ.

കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്. ജൂലൈ 26-നാണ് ചിത്രം റീ റിലീസായി തിയേറ്ററുകളിൽ എത്തുന്നത്.

Read more