'ജൂതന്‍' നടക്കാതെ പോയതിന് ആവശ്യപ്പെട്ടത് ഒരു കോടി, മിഥുന്‍ മാനുവലില്‍ നിന്നും ജൂഡ് ആന്തണിയില്‍ നിന്നും സാന്ദ്ര 7 ലക്ഷം രൂപ തിരികെ വാങ്ങിയതാണ്; ആരോപണങ്ങളുമായി സിബി മലയില്‍

ബി ഉണ്ണികൃഷ്ണനെ ഫെഫ്കയില്‍ നിന്നും പുറത്താക്കില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. നിര്‍മ്മാതാവ് സാന്ദ്ര തോമസിന് പരാതി ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് ഫെഫ്ക അല്ല. ബി ഉണ്ണികൃഷ്ണന്‍ പങ്കെടുക്കാത്ത നിര്‍മാതാക്കളുടെ സംഘടനാ ചര്‍ച്ചയില്‍ നടന്ന പ്രശ്‌നത്തില്‍ ഉണ്ണിക്കൃഷ്ണനെതിരെ പരാതി പറഞ്ഞു എന്നതു കൊണ്ട് അദ്ദേഹത്തെ ഫെഫ്കയില്‍ നിന്നും പുറത്താക്കേണ്ട ആവശ്യമില്ല എന്നാണ് സിബി മലയില്‍ പറയുന്നത്. മിഥുന്‍ മാനുവല്‍, ജൂഡ് ആന്തണി എന്നിവരുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനുണ്ടായിരുന്ന പ്രശ്‌നങ്ങളെ കുറിച്ചടക്കം വിശദീകരിച്ചാണ് സിബി മലയില്‍ സംസാരിച്ചത്.

”ബി ഉണ്ണികൃഷ്ണനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഒരു തെറ്റിദ്ധാരണ വരുത്തുന്ന നീക്കം നടക്കുന്നുണ്ട്. അത് ഉണ്ണികൃഷ്ണനെ മാത്രമല്ല ഉണ്ണികൃഷ്ണന്‍ വഴി ഫെഫ്ക എന്ന സംഘടനയെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. സാന്ദ്ര തോമസ് ഞങ്ങളുടെ സംഘടനയുടെ അംഗമല്ല. അവര്‍ക്കുണ്ടാകുന്ന പരാതികള്‍ അവര്‍ നിര്‍മ്മാതാക്കളുടെ സംഘടനയാണ് കൊടുക്കേണ്ടത്. പക്ഷേ അവര്‍ അതിന് പകരം എല്ലാ ആരോപണങ്ങളും ഉണ്ണികൃഷ്ണന്റെ മേലേക്കാണ് വയ്ക്കുന്നത്. അവരുടെ നിരവധി പരാതികക്കും തര്‍ക്കങ്ങള്‍ക്കും അവരുമായിട്ട് ചര്‍ച്ച നടത്തി പരിഹാരം കണ്ടത് ഉണ്ണികൃഷ്ണനാണ്.”

”ഒരു ഘട്ടത്തിലും അവരോട് നിസ്സഹരണം പ്രഖ്യാപിച്ചിട്ടില്ല മറിച്ച് അവര്‍ക്ക് നഷ്ടപരിഹാരം വാങ്ങിച്ചു കൊടുത്തിട്ടേ ഉള്ളൂ. പല കേസുകളിലും അവര്‍ ആവശ്യപ്പെട്ട അവര്‍ക്ക് നഷ്ടപരിഹാരം അതിന്റെ ന്യായങ്ങള്‍ മനസിലാക്കി അത് മേടിച്ചു കൊടുക്കുന്ന രീതി തന്നെയാണ് തുടര്‍ന്ന് വന്നത്. ജൂതന്‍ എന്ന സിനിമയുമായിട്ട് ബന്ധപ്പെട്ട ഒരു മീറ്റിങ്ങിനെ കുറിച്ച് അവര്‍ പലയിടത്തും പറയുന്നുണ്ട്. ഭദ്രന്‍ എന്ന സംവിധാനം ചെയ്യേണ്ട സിനിമയാണ് ജൂതന്‍. അതിന്റെ നിര്‍മ്മാതാവ് ഇവരല്ല. എന്നിട്ട് പോലും ആ സിനിമ നടക്കാതെ പോയത് കാരണം അവര്‍ ആവശ്യപ്പെടുന്നത് ഒരു കോടി രൂപ നഷ്ടപരിഹാരമാണ്.”

”അതിന്റെ നിര്‍മ്മാതാവ് അല്ലെങ്കില്‍ പോലും അതിന്റെ നിര്‍മ്മാതാവ് ആയ വ്യക്തി ഇനിയും ആ സിനിമ ചെയ്യുകയാണെങ്കില്‍ സംവിധായകന്‍ ഭദ്രന്‍ 15 ലക്ഷം രൂപ അവര്‍ക്ക് നഷ്ടപരിഹാരം ആയി കൊടുക്കണം എന്നുള്ള ഒരു ധാരണ ആയിക്കഴിഞ്ഞിട്ടാണ് ആ പ്രശ്‌നം പരിഹരിക്കപ്പെട്ടത്. അതുപോലെ തന്നെ ഇവിടെ ജൂഡ് ആന്തണിക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല, മിഥുന്‍ മാനുവല്‍ തോമസ് ഉണ്ട്. അവരുമായിട്ടുള്ള തര്‍ക്ക ഒരു പരിഹാരം ഉണ്ടായിരുന്നു. ‘ഓം ഓം ശാന്തി ഓശാന’ എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തില്‍ അവര്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ പിന്മാറേണ്ട സാഹചര്യം ഉണ്ടാവുകയും ഇവര്‍ അതിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരികയും ചെയ്തു.”

”ഇവരും ഞാനും പങ്കെടുത്ത ഒരു മീറ്റിങ്ങില്‍ ആ കേസില്‍ ധാരണയാകുകയും മിഥുന്‍ മാനുവല്‍ തോമസിന്റെ 7 ലക്ഷം രൂപയും അവര്‍ തിരികെ വാങ്ങുകയുമായിരുന്നു. പിന്നീട് ഓം ശാന്തി ഓശാനയ്ക്ക് ഒരു പ്രതിഫലവും വാങ്ങാതെ അദ്ദേഹം പുതിയ പ്രൊഡ്യൂസര്‍ക്ക് വേണ്ടി ആ സിനിമ ചെയ്തു. അതുതന്നെയാണ് ജൂഡ് ആന്റണിക്കും ഉണ്ടായ അനുഭവം. ജൂഡിന്റെ കയ്യില്‍ നിന്നും 7 ലക്ഷം രൂപ തിരിച്ചു വാങ്ങി കൊടുത്തു. അതുകൊണ്ടുതന്നെ മിഥുന്‍ മാനുവല്‍ തോമസ് പിന്നീട് അവര്‍ക്ക് വേണ്ടി ഒരു സിനിമ ചെയ്തു കൊടുത്തു. ‘ആട്’ എന്ന അവര്‍ നിര്‍മിച്ച സിനിമ അതിന് പരിഹാരമായി ചെയ്തു കൊടുത്ത ആളാണ് മിഥുന്‍.”

”മിഥുനില്‍ നിന്നും അവര്‍ അതുകൂടാതെ ഒരു മാപ്പ് അപേക്ഷ ആവശ്യപ്പെട്ടു. അതും നമ്മള്‍ വാങ്ങി കൊടുത്തു. ആദ്യമായി സിനിമ ചെയ്യാന്‍ വന്ന ഒരാളെ കൊണ്ട് അയാളില്‍ നിന്നും മാപ്പ് അപേക്ഷ വാങ്ങിയ ശേഷമാണ് ആ സിനിമ ചെയ്തു കൊടുത്തത്. ഇത്രയും പരാതികള്‍ ഫെഫ്കയ്‌ക്കെതിരെയും ഫെഫ്കയിലേക്കും കൊണ്ടുവരുന്ന സാന്ദ്ര ഇതുവരെയും ഒരു പരാതി പോലും പ്രൊഡ്യൂസര്‍ അസോസിയേഷന് കൊടുത്തിട്ടില്ല. ഇടക്കാട് ബെറ്റാലിയന്‍ എന്ന സിനിമയുടെ വിഷയവുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്ന ഒരു തര്‍ക്കപരിഹാരത്തിലും ജനറല്‍ സെക്രട്ടറി ഇടപെടുകയും അതും പരിഹരിച്ചു കൊടുക്കുകയും ചെയ്തു.”

”പത്താം വളവ് എന്ന സിനിമയുടെ സംവിധായകനായ പത്മകുമാറില്‍ നിന്നും അവര്‍ 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഏറ്റവും ഒടുവിലായിട്ട് അവരുടെ ‘ലിറ്റില്‍ ഹാര്‍ട്‌സ്’ എന്ന സിനിമയുടെ കാര്യത്തിലും ഇത്തരത്തിലുള്ള പരാതികളും കാര്യങ്ങളും വരികയും ചെയ്തു. ഞാന്‍ പറഞ്ഞു വരുന്നത് ഈ സാന്ദ്ര തോമസുമായിട്ട് ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അവര്‍ക്ക് അനുകൂലമായ പരിഹാരം കണ്ടെത്തിക്കൊടുത്ത ഒരു വ്യക്തിയാണ് ബി. ഉണ്ണികൃഷ്ണനും ഫെഫ്ക എന്ന സംഘടനയും” എന്നാണ് സിബി മലയില്‍ പറയുന്നത്.

Read more