മോഹൻലാലിനെ മാത്രമല്ല, അമ്മയിലെ ആരെ അധിക്ഷേപിച്ചാലും പരാതി നൽകും..: സിദ്ദിഖ്

മോഹൻലാലിനെ മാത്രമല്ല അമ്മ സംഘടനയിലുള്ള ആരെ അധിക്ഷേപിച്ചാലും പരാതി നൽകുമെന്ന് നടനും സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ്. ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ ആരെങ്കിലുമൊക്കെ ചോദിക്കണമെന്നും, ഇതിനെതിരെ കൃത്യമായ നിയമമുണ്ടെന്നും സിദ്ദിഖ് പറയുന്നു. മോഹൻലാൽ വയനാട് ദുരന്തബാധിത മേഖലകൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ചെകുത്താൻ എന്ന പേരിൽ കുപ്രസിദ്ധനായ യൂട്യൂബറെ സിദ്ദിഖിന്റെ പരാതിയിൽ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

“കുറച്ച് കാലങ്ങളായി നടിനടന്മാരെയും സിനിമയെയും പല രീതിയിൽ അധിക്ഷേപിച്ചുകൊണ്ട് യൂട്യൂബർമാർ എന്നു പറയുന്ന ആളുകൾ എത്തുന്നുണ്ട്. ഒരു വ്യക്തി മാത്രം വന്ന് ഇതുപോലെ വ്യക്തിപരമായ അധിക്ഷേപിക്കുന്ന പ്രവണത കുറച്ച് കാലങ്ങളായി കാണുന്നു. ഇതിനെതിരെ ആരെങ്കിലുമൊക്കെ ചോദിക്കേണ്ടെ? രാജ്യത്തിന് ഇതിനെതിരെ നിയമമുണ്ട്.

ഇപ്പോഴാണ് ഈ വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിപ്പെടുന്നത്. അതിൽ ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തു, മറ്റൊരാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഇനി ഇങ്ങനെ അധിക്ഷേപിക്കുന്ന വിഡിയോ ചെയ്യില്ലെന്ന് എഴുതി വാങ്ങിയിരുന്നു. ആർക്കും ആരെയും എന്തുംപറയാവുന്ന രീതിയിൽ ആ മേഖല നീങ്ങിക്കൊണ്ടിരിക്കുകയാണ്.

നമുക്ക് സ്വാതന്ത്ര്യമുണ്ട് ശരിയാണ്. അതൊരാളെ അധിക്ഷേപിക്കാനോ കയ്യേറ്റം ചെയ്യാനോ ആകരുത്. ആരെയും എന്തും പറയാം എന്നുള്ള സ്വാതന്ത്ര്യം നമുക്കില്ല. ഒരാളേ ഹനിക്കാനോ അയാളെ മാനസികമായി വേദനിപ്പിക്കാനോ ഒരാൾക്കും സ്വാതന്ത്രമില്ല, അതിനൊക്കെ ഇവിടെ നിയമമുണ്ട്.

മോഹൻലാലിനെ വളരെ വ്യക്തിപരമായാണ് ഇയാൾ അധിക്ഷേപിച്ചത്. മോഹൻലാൽ ടെറിറ്റോറിയൽ ആർമിയുടെ ഒരു ഭാഗം ആയതുകൊണ്ടാണ് ആ സമയത്ത് അവിടെ പോകാൻ സാധിച്ചത്. നമുക്ക് പലർക്കും അവിടെ പോകണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കുന്നില്ല. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിന് പ്രവേശനമില്ല. മോഹൻലാൽ എന്ന വ്യക്തി, ടെറിറ്റോറിയൽ ആർമിയുടെ ഭാഗമായതുകൊണ്ട് അദ്ദേഹത്തിന് അവിടെ പോകുവാൻ കഴിഞ്ഞു. അത് അദ്ദേഹം ചെയ്ത വലിയ പുണ്യ പ്രവർത്തിയാണ്. എന്താണ് അവിടെ നടന്നതെന്ന് മനസ്സിലാക്കി വിശ്വശാന്തി ഫൗണ്ടേഷൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

അദ്ദേഹത്തിന് അതിന്റെ പേരിൽ ഒരു പബ്ലിസിറ്റി കിട്ടിയിട്ട് ഒന്നും നേടാനില്ല. മോഹൻലാൽ ചെയ്ത ഈ വലിയ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അദ്ദേഹത്തെ ഒരുപാട് അധിക്ഷേപിക്കുന്നതു കണ്ടപ്പോൾ ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ എന്ന നിലയിലും ഏറെ വിഷമമുണ്ടായി. ഞാനൊരു സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ആളാണ്. മോഹൻലാലിനെ മാത്രമല്ല, ‘അമ്മ’ സംഘടനയിലെ ഒരു മെംബറെപ്പോലും അങ്ങനെയൊരാൾ വ്യക്തിപരമായി അധിക്ഷേപിച്ചാൽ തീർച്ചയായും അതിനെ ചോദ്യം ചെയ്യേണ്ട ബാധ്യത ജനറൽ സെക്രട്ടറിയായ എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു.

അതുകൊണ്ടാണ് ഞാനത് പരാതിയായി എഴുതി പൊലീസിനു കൈമാറുന്നത്. സൈബർ വിഭാഗത്തിന്റെ ഡിജിപി ഹരിശങ്കർ പ്രത്യേകം താൽപര്യമെടുത്ത് ഈ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാക്കിയതിൽ വ്യക്തിപരമായി അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.” സിദ്ദിഖ് പറയുന്നു.