ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ‘അമ്മ’യുടെ ഇടപെട്ടിട്ടില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ്. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമ്മയില്‍ ഉണ്ടായ വിവാദങ്ങളോടും സിദ്ദിഖ് പ്രതികരിച്ചു.
രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് സംഘടനയുടെ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ ആലോചിക്കും. അമ്മയില്‍ അംഗത്വത്തിനായി നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യന്‍ അപേക്ഷിച്ചിട്ടില്ല. അങ്ങനെയൊരു കത്തൊന്നും തന്നിട്ടില്ല.
അദ്ദേഹം അമ്മ സംഘടനയെ ബന്ധപ്പെട്ടു എന്നാണ് പറയുന്നത്. അദ്ദേഹത്തെ ഉടന്‍ തന്നെ ബന്ധപ്പെടും. സതീഷ് സത്യനെ അമ്മയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്നും സിദ്ദിഖ് പറഞ്ഞു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തത്.
ഐകകണ്‌ഠ്യേനയാണ് ജോമോളെ തിരഞ്ഞെടുത്തത്. ഇടക്കാലത്ത് നിന്നുപോയ കൈനീട്ടം പദ്ധതി വീണ്ടും തുടങ്ങാന്‍ യോഗത്തില്‍ തീരുമാനിച്ചു. പുറത്തു നിന്നുള്ളവരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാലകള്‍ സംഘടിപ്പിക്കും.
അതിന്റെ നടപടികള്‍ ഉടനെ തന്നെ ആരംഭിക്കും. സോഷ്യല്‍ മീഡിയ കൂടുതല്‍ സജീവമാക്കും. വിനു മോഹന്‍, സരയു, അനന്യ, അന്‍സിബ എന്നിവര്‍ക്കാണ് അതിന്റെ ചുമതല. എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെയും ഫെഫ്കയുടെയും ഭാരവാഹികളുമായി ചര്‍ച്ചയും നടന്നു.