ഗായിക ചിന്‍മയിക്ക് നേരെ വ്യാജ പ്രചാരണം. ചിന്‍മയി ഗര്‍ഭിണിയാണെന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഗായികയുടെ ഭര്‍ത്താവും നടനുമായ രാഹുല്‍ രവീന്ദ്രന്റെ സഹോദരന്റെ വിവാഹ ചടങ്ങിനിടെയുള്ള ചിത്രങ്ങള്‍ എത്തിയതോടെയാണ് തെറ്റിദ്ധാരണ പരന്നത്. ചര്‍ച്ചകള്‍ വ്യപകമായതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിന്‍മയി.
ചടങ്ങില്‍ മടിസാര്‍ സാരിയാണ് ധരിച്ചതെന്നും അത്തരം സാരി ധരിക്കുമ്പോള്‍ വയര്‍ അല്‍പം ഉള്ളതായി തോന്നുമെന്നും അല്ലാതെ താന്‍ ഗര്‍ഭിണി അല്ലെന്നും ചിന്മയി പറയുന്നു. താന്‍ ഗര്‍ഭിണി ആണെന്നു പറഞ്ഞ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളെ കൊണ്ടു സഹികെട്ടു. പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്.
താന്‍ പങ്കുവച്ച ആഘോഷ വേളയിലെ ചിത്രങ്ങള്‍ തെറ്റായ ദിശയില്‍ നിന്നാണ് എടുത്തത്. അതിനാലാണ് വയര്‍ ഉന്തി നില്‍ക്കുന്നതായി തോന്നുന്നത്. ചടങ്ങിനിടെ ഒരുപാട് ഓടി നടന്നതുകൊണ്ട് തന്റെ സാരി അല്പം അയഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ചിത്രങ്ങളില്‍ അങ്ങനെ കാണപ്പെട്ടത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ താന്‍ പങ്കുവയ്ക്കാറില്ല.
അത് അനിവാര്യമാണെന്ന് കരുതുന്നുമില്ല. കുടുംബത്തില്‍ നടക്കുന്ന ആഘോഷങ്ങളെക്കുറിച്ചും അറിയിക്കാറില്ല. അതാണ് തനിക്ക് ഇഷ്ടം. എപ്പോഴും അങ്ങനെ തന്നെയായിരിക്കും. തന്റെ വിവാഹ വീഡിയോ പോലും സോഷ്യല്‍ മീഡിയയില്‍ ഇതുവരെ പങ്കുവച്ചിട്ടില്ല. താന്‍ ഗര്‍ഭിണി ആകുമ്പോള്‍ അക്കാര്യം പരസ്യമായി അറിയിക്കുകയോ അറിയിക്കാതിരിക്കുകയോ ചെയ്യും. അതാണ് തീരുമാനം.
കുട്ടികള്‍ ഉണ്ടായാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്. അവരും ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നും ഉറപ്പു വരുത്തും. ഗര്‍ഭിണി ആണെന്ന ഈ പ്രചാരണങ്ങള്‍ മനസ്സ് മടുപ്പിക്കുന്നു. ദയവായി ഈ പ്രവണത അവസാനിപ്പിക്കൂ എന്നാണ് ചിന്‍മയി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുന്നത്.