‘മാര്‍ക്കോ’ ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഗായകന്‍ ഡബ്സി. താന്‍ ചോദിച്ചത്ര പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. അതുകൊണ്ട് പാടി. അതിന് ശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ തനിക്ക് യാതൊരു കുഴപ്പവും ഇല്ല എന്നാണ് ഡബ്‌സി പറയുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡബ്‌സിയുടെ പ്രതികരണം. മാര്‍ക്കോയിലെ ‘ബ്ലഡ്’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ ഗാനത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്തു. ഉടനെ തന്നെ കെജിഎഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
”ഹായ് ഗയ്‌സ് ഡബ്‌സിയാണ്. ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളോട് പറയണോ വേണ്ടയോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും പറായാം. മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോള്‍ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാന്‍ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു.”
”അതിന് ശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല” എന്നാണ് ഡബ്‌സി പറയുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ക്കോ. രവി ബസ്‌റുര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രം എന്ന ലേബലോടെയാണ് എത്തുന്നത്.