രവീന്ദ്രനും യേശുദാസും ചേര്‍ന്നൊരുക്കിയ സൂപ്പര്‍ ഹിറ്റുകളൊന്നും എനിക്കിഷ്ടമല്ല, അവര്‍ തമ്മില്‍ ഒന്നായി, ഞാന്‍ പുറത്തായി: പി. ജയചന്ദ്രന്‍

മലയാള സിനിമാ ഗാനരംഗത്ത് ദേവരാജന്‍ കൊണ്ടുവന്ന മെലഡി, രവീന്ദ്രന്‍ മാറ്റി സര്‍ക്കസ് കൊണ്ടുവരുകയായിരുന്നെന്ന് ഗായകന്‍ പി. ജയചന്ദ്രന്‍. രവീന്ദ്രനും യേശുദാസും ചേര്‍ന്ന് സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും തനിക്കിഷ്ടമല്ല എന്നാണ് ജയചന്ദ്രന്‍ പറയുന്നത്.

രവീന്ദ്രനും യേശുദാസും ചേര്‍ന്ന് സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഉണ്ടാക്കിയെങ്കിലും അതൊന്നും തനിക്കിഷ്ടമല്ല. ചെന്നൈയില്‍ വച്ച് രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് താനാണ്. അവര്‍ തമ്മില്‍ ഒന്നായി, താന്‍ പുറത്തായി.

നല്ലൊരു പാട്ട് തരാന്‍ പറ്റിയില്ലെന്ന് പിന്നീട് ഒരിക്കല്‍ കണ്ടപ്പോള്‍ രവി തന്നോടു പറഞ്ഞിരുന്നു. ദേഷ്യമില്ലന്ന് താനും പറഞ്ഞു. ദേവരാജന്‍, ബാബുരാജ്, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍ എന്നിവര്‍ മാത്രമാണ് മാസ്റ്റര്‍ എന്നു വിളിക്കാന്‍ യോഗ്യര്‍.

ജോണ്‍സനെ മുക്കാല്‍ മാസ്റ്റര്‍ എന്നു വിളിക്കാം എന്നാണ് ജയചന്ദ്രന്‍ പറയുന്നത്. സ്വരം തൃശ്ശൂരിന്റെ ജയസ്വരനിലാവ് പരിപാടിയില്‍ ആദരം ഏറ്റുവാങ്ങിയാണ് ജയചന്ദ്രന്‍ സംസാരിച്ചത്. സംഗീത സംവിധായകന്‍ രവീന്ദ്രനെക്കുറിച്ച് മുമ്പ് ജയചന്ദ്രന്‍ നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

സംഗീതത്തെ അനാവശ്യമായി സങ്കീര്‍ണ്ണമാക്കാനാണ് രവീന്ദ്രന്‍ ശ്രമിച്ചതെന്നും അദ്ദേഹത്തെ മാസ്റ്ററായി കാണുന്നില്ല എന്നുമാണ് ജയചന്ദ്രന്‍ പറഞ്ഞത്. മാസ്റ്റര്‍ എന്നു വിളിക്കാന്‍ രവീന്ദ്രന് യോഗ്യതയില്ലെന്ന് അടുത്തിടെ ജയചന്ദ്രന്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് രവീന്ദ്രന്റെ ഭാര്യ ശോഭ രവീന്ദ്രന്‍ പ്രതികരണവുമായി എത്തിയിരുന്നു.

Read more

ജയചന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എന്നും എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്, എന്നാല്‍ അത് കണ്ടുപിടിക്കാന്‍ അദ്ദേഹത്തിന് ഇത്ര വര്‍ഷങ്ങള്‍ വേണ്ടി വന്നോ എന്നുമാണ് ശോഭ രവീന്ദ്രന്‍ ചോദിച്ചത്.