തൈക്കുടം ബ്രിഡ്ജിനെതിരെ ഗായകന്‍ ശ്രീനിവാസ്. ‘കാന്താര’യിലെ ‘വരാഹ രൂപം’ ഗാനം നിര്‍ത്തി വയ്ക്കാനുള്ള കോടതി ഉത്തരവിലാണ് ഗായകന്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല എന്നാണ് ഗായകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഗാനം ‘നവരസം’ പാട്ടിന്റെ കോപ്പിയടി ആണെന്ന് ചൂണ്ടിക്കാട്ടി തൈക്കുടം ബ്രിഡ്ജ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ‘വരാഹ രൂപ’ത്തിന് കോടതി പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. നവരസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാം അങ്ങനെയാണെങ്കിലും അതൊരു ഫോണ്‍ സംഭാഷണത്തിലൂടെ പറയാനാകുമായിരുന്നു എന്നാണ് ശ്രീനിവാസ് പറയുന്നത്.
ശ്രീനിവാസിന്റെ കുറിപ്പ്:
തൈക്കുടം ബ്രിഡ്ജിനോട് വലിയ ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടു പോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല. കാന്തരയുടെ നിര്‍മ്മാതാക്കളെ ന്യായീകരിക്കുന്നില്ല. വരാഹ രൂപം തൈക്കുടത്തിന്റെ നവരസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാം.
അങ്ങനെയാണെങ്കില്‍ ആ പാട്ടിന്റെ നിര്‍മ്മാതാക്കളോട് ഒരു ഫോണ്‍ കോളിലൂടെ പറയാനാവണം. എന്നാല്‍ ഈ രണ്ട് ഗാനങ്ങളും 72 മേളകര്‍ത്താ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗിറ്റാര്‍ റിഫുകളും ഗാനത്തിലെ ശ്രുതിയും തീര്‍ച്ചയായും സമാനമാണ്. എന്തിന് വേണ്ടിയാണ് കോടതിയില്‍ പോയി ഇത്രയധികം വിഭജനവും വെറുപ്പും സൃഷ്ടിക്കുന്നത്.
ഇപ്പോള്‍ അതൊരു വലതുപക്ഷ-ഇടതുപക്ഷ പോരാട്ടമായി മാറിയിരിക്കുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പോരില്‍ നിന്നും നിങ്ങള്‍ക്ക് എന്തുകൊണ്ട് പുറത്തു കടക്കാനാവുന്നില്ല. കലാകാരന്മാര്‍ എന്ന നിലയില്‍ നമ്മള്‍ ഇതില്‍ നിന്നില്ലാം മാറി നില്‍ക്കേണ്ടതുണ്ട്.