ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതീയ- വംശീയ അധിക്ഷേപത്തിൽ പ്രതിഷേധം കനക്കുന്നു. കലാമണ്ഡലവുമായി സത്യഭാമയ്ക്ക് യാതൊരു ബന്ധമില്ലെന്ന് കലാമണ്ഡലം വാർത്താകുറിപ്പിറക്കിയിരുന്നു.
കലാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായും, സത്യഭാമക്കെതിരെ വിമർശനങ്ങളുമായും എത്തിയത്. ശ്രീകുമാരൻ തമ്പി, വിനീത്, മേതിൽ ദേവിക, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, ബിജിപാൽ തുടങ്ങീ നിരവധി ആളുകൾ പ്രസ്തുത വിഷയത്തിൽ നിലപാടുകളറിയിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഗായിക സിതാര കൃഷ്ണകുമാറിന്റെ വാക്കുകളാണ് ചർച്ചയാവുന്നത്. സത്യഭാമയുടെ അതിനീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട് എന്നാണ് സിതാര പറയുന്നത്. തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തത്തും, ഇനി മനസ്സിലായാൽ പോലും അത് അംഗീകരിച്ച് മനസ്സറിഞ്ഞ് മാപ്പുപറയാൻ തയ്യാറാവാത്തതും എന്നും സിതാര പറയുന്നു.
സിതാര കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
ശ്രീമതി സത്യഭാമയുടെ അതിനീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്!! തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തത്തും, ഇനി മനസ്സിലായാൽ പോലും അത് അംഗീകരിച്ച് മനസ്സറിഞ്ഞ് മാപ്പുപറയാൻ തയ്യാറാവാത്തതും !!!
മറ്റൊന്നുകൂടെ കൂട്ടി ചേർക്കേണ്ടതുണ്ട്… ” നല്ല വെളുത്ത സുന്ദരിക്കുട്ടി”, “ഒരു കറുത്ത് തടിച്ച സാധനം ”, ” ചെറുമക്കുടിയിലെ പോലെ ഒച്ചപ്പാട് ” , “കല്യാണപെണ്ണിന് നല്ല നിറം! ചെക്കനെ പോലെയല്ലാത്തതുകൊണ്ട് ഉണ്ടാവുന്ന കൊച്ചിന് ചിലപ്പോ വെളുപ്പ് കിട്ടും “,
View this post on InstagramA post shared by Sithara Krishnakumar (@sitharakrishnakumar)
അങ്ങനെ അങ്ങനെ നിരുപദ്രവകരം എന്നും, തമാശയെന്നും കരുതി പലരും പറയുന്ന അശ്രദ്ധമായ അനവധി നിരവധി വാചകങ്ങൾ നിങ്ങളുടെ ഉള്ളിലും ഉണ്ടോ, അത്തരം പ്രസ്താവനകളെ നിങ്ങളും ചിരിച്ച് തള്ളാറുണ്ടോ? ഇങ്ങനെ ആത്മപരിശോധനക്കുള്ള ഒരവസരം കൂടെയാണ് സത്യഭാമ ടീച്ചറുടെ ആക്രോശം!!!!!