'സിനിമയ്ക്കായി ഏഴു കിലോ കുറച്ചു, പക്ഷെ കിട്ടിയത് അഞ്ച് മിനിറ്റ് സ്‌ക്രീന്‍സ്‌പേസ്'

ഫഹദ് ഫാസില്‍, ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം വേലൈക്കാരനില്‍ നിരാശ പ്രകടിപ്പിച്ച് സ്‌നേഹ. സിനിമയിലെ കഥാപാത്രത്തിനായി ഏഴു കിലോ ശരീരഭാരം കുറയ്ക്കുകയും ഷൂട്ടിംഗിനായി 18 ദിവസം നല്‍കുകയും ചെയ്തിട്ടും സിനിമ പുറത്തിറങ്ങിയപ്പോള്‍ സ്‌നേഹയുടെ വേഷം അഞ്ച് മിനിറ്റായി കുറഞ്ഞു.

എഡിറ്റിംഗ് സമയത്ത് തന്റെ സീനുകള്‍ ഒഴിവാക്കിയതിലുള്ള നിരാശയാണ് സ്‌നേഹയുടെ വാക്കുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികാ പദവി അലങ്കരിച്ചിരുന്ന താരം ഇപ്പോഴാണ് ചെറുകിട വേഷങ്ങള്‍ ചെയ്ത് തുടങ്ങുന്നത്.

പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയിരുന്ന സ്‌നേഹ വേലൈക്കാരന് വേണ്ടിയാണ് ശരീരഭാരം കുറച്ചത്. മലയാളത്തില്‍ ഗ്രേറ്റ്ഫാദറില്‍ നായികാ റോളിലായിരുന്നു സ്‌നേഹ അഭിനയിച്ചത്. മമ്മൂട്ടി നായകനായ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനും നേടിയിരുന്നു.