കരിയറിലെ മോശം കാലഘട്ടത്തെ അതിജീവിച്ചാണ് നടന്‍ ശ്രീനാഥ് ഭാസി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് ഒരു തെറാപ്പി പോലെയായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഈ സിനിമ എന്നാണ് ശ്രീനാഥ് ഭാസി തുറന്നു പറഞ്ഞിരിക്കുന്നത്. അതിന് മുമ്പുള്ള ഒരു സിനിമയില്‍ നാകനായി അഭിനയിച്ചിരുന്നു, എന്നാല്‍ അഭിനയം കൊള്ളില്ലെന്ന് പറഞ്ഞ് നടനെ ചിത്രത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
ഈ സംഭവത്തിനെ കുറിച്ചാണ് ശ്രീനാഥ് ഭാസി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”ഞാന്‍ വ്യക്തിപരമായും ജോലി സംബന്ധമായും ഒരുപാട് പ്രശ്‌നങ്ങളില്‍ കൂടി കടന്നുപോകുന്ന സമയത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം വന്നത്. ജീവിതം വല്ലാതെ നിശ്ചലാവസ്ഥയില്‍ കടന്നുപോകുമ്പോഴാണ് സുഭാഷ് എന്ന കഥാപാത്രം എന്റടുത്ത് എത്തിയത്. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്.”
”ആ സമയത്ത് ഞാന്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ എന്നെ അവര്‍ ആ സിനിമയില്‍ നിന്ന് മാറ്റിയിരുന്നു. നായകവേഷമായിരുന്നു. അഭിനയം കൊള്ളില്ല എന്നൊക്കെ എന്റടുത്ത് വന്നു പറഞ്ഞു. എനിക്ക് എന്തു ചെയ്യണം എന്ന് അറിയില്ല, എന്റെ അഭിനയത്തിന് കുഴപ്പമുണ്ടോ? എനിക്കു കുഴപ്പങ്ങളുണ്ട്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ജോലിയെ ബാധിക്കുന്നുണ്ടെന്ന് തോന്നിത്തുടങ്ങി.”
”അധികം വര്‍ത്തമാനം പറയാത്തതാണോ പ്രശ്‌നം, ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ആലോചിച്ചു. എന്തായാലും ആ സിനിമ പോയത് നന്നായി എന്നു തന്നെ കരുതി. ഞാന്‍ വല്ലാത്ത വിഷമഘട്ടത്തില്‍ കൂടിയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. എന്നെ കുറിച്ചുള്ള ചില വീഡിയോകള്‍ ആളുകള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. ഞാന്‍ കരഞ്ഞ് ക്ഷമ പറഞ്ഞിട്ടും, അതു കണ്ട്, ”ആഹാ അവന്റെ അഭിനയം കൊള്ളാമല്ലോ” എന്നാണ് ചിലര്‍ പറഞ്ഞത്.”
”അപ്പോഴെനിക്ക് മനസ്സിലായി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഞാന്‍ എന്താണെന്ന് എന്റെ ജോലിയിലൂടെ തന്നെ തെളിയിക്കണം. ഇവരെല്ലാം എന്നെ ഒരു നടന്‍ എന്ന നിലയിലാണ് ഇഷ്ടപ്പെട്ടുകൊണ്ടിരുന്നത്. ആ സമയത്ത് എന്റെ സുഹൃത്തുക്കളായ ഗണപതി, ചിദംബരം, സൗബിന്‍ തുടങ്ങിയവരുമായി ഒരു സിനിമ ചെയ്യുക എന്നത് ഒരു തെറാപ്പി പോലെ ആയിരുന്നു.”
”മഞ്ഞുമ്മല്‍ ബോയ്‌സ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്റെ അവസ്ഥയും മോശമായിരുന്നു. ആ സിനിമയില്‍ നടന്നതുപോലെ തന്നെ എന്റെ സുഹൃത്തുക്കളായ അവര്‍ തന്നെയാണ് എന്നെ സംരക്ഷിച്ചത്. ഈ പടം ചെയ്തതുകൊണ്ടാണ് എന്റെ വിഷമഘട്ടത്തില്‍ നിന്ന് എനിക്ക് പുറത്തുവരാന്‍ കഴിഞ്ഞത്” എന്നാണ് ശ്രീനാഥ് ഭാസി രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.