മലമ്പുഴ യക്ഷി തകര്‍ക്കാന്‍ രാഹുല്‍ ഈശ്വര്‍ ഒരു ചുറ്റികയുമായി പുറപ്പെടുമോ? വിഗ്രഹങ്ങള്‍ക്ക് മാക്‌സി ഇടീപ്പിക്കുമോ: ശ്രീയ രമേഷ്

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് നടി ഹണി റോസ്. രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹണിയുടെ പരാതി. ഇതിനിടെ ഹണിയെ പിന്തുണച്ച് രാഹുല്‍ ഈശ്വറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ശ്രീയ രമേഷ്. ഹണി റോസ് ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ എന്നാണ് ശ്രീയ ചോദിക്കുന്നത്.

ശ്രീയ രമേഷിന്റെ കുറിപ്പ്:

പെണ്‍ ഉടലിന്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശില്‍പ്പങ്ങളിലും ധാരാളം കേള്‍ക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദു ചെയ്യണം എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുമോ? ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയില്‍ ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളിലും ഉള്ള ശില്‍പ്പങ്ങള്‍ തകര്‍ക്കുവാന്‍ ഇയാള്‍ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങള്‍ക്ക് മുമ്പിലെ സാലഭഞ്ചികകള്‍ക്ക് മാക്‌സി ഇടീക്കുമോ?

ഹണി ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാള്‍ക്ക് അറിയില്ലെ? മനസ്സിലാക്കേണ്ട ഒരു കാര്യം ആണും പെണ്ണും തമ്മില്‍ സൗഹൃദമോ പ്രഫഷനല്‍ ബന്ധമോ ഉണ്ടാവുക സ്വാഭാവികമാണ്. എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയിന്റില്‍ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാല്‍ അതിനെതിരെ പ്രതികരിക്കുവാനും ആവശ്യമെങ്കില്‍ പരാതി നല്‍കുവാനും സ്ത്രീക്ക് അവകാശമുണ്ട്. ഹണിയും അതേ ചെയ്തുള്ളൂ.

അതിന് അവരുടെ വസ്ത്രധാരണം മുതല്‍ അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍ വരെ എടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമര്‍ശനങ്ങളുമായി ചാനലുകള്‍ തോറും കയറി ഇറങ്ങി പ്രതികരിക്കുവാന്‍ നടക്കുന്നു. കുറ്റാരോപിതനേക്കാള്‍ സ്ത്രീ വിരുദ്ധതയായാണ് അതില്‍ പലതും എന്നാണ് എനിക്ക് ഫീല്‍ ചെയ്തത്. സിനിമയില്‍ റേപ്പ് സീനിലോ ഇന്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാല്‍ ആ നടിയെ പൊതു സമൂഹത്തില്‍ ആര്‍ക്കും റേപ്പ് ചെയ്യുവാനോ തോന്ന്യവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തില്‍ പറഞ്ഞു വയ്ക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്.

അത്തരക്കാരെ ചര്‍ച്ചയില്‍ നിന്ന് അവതാരകര്‍ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാന്‍ ഉള്ളത്. മാധ്യമ ചര്‍ച്ചകള്‍ നയിക്കുന്നവരോട് ഒന്നു പറഞ്ഞു കൊള്ളട്ടെ, അന്തിചര്‍ച്ചകളില്‍ രാഷ്ട്രീയക്കാരുടെ പോര്‍വിളികളും വര്‍ഗീയത പറച്ചിലും അസഹനീയമാണ് അത് സമൂഹത്തെ വിഷലിപ്തമാക്കുന്നുണ്ട്, അതിന്റെ കൂടെ സ്ത്രീ വിരുദ്ധത പറയുവാന്‍ കൂടെ അവസരം ഒരുക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആഭാസത്തരം പറയുവാന്‍ അവസരം നല്‍കരുത്.