ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിൽ കയറുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം എസ്. എസ് രാജമൗലിയുടെ മകൻ എസ്. എസ് കാർത്തികേയ ആയിരുന്നു സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാജമൗലി.
യൂത്തിന്റെ ഭാഷ പൂർണമായും സിനിമയിൽ കൊണ്ടുവന്ന സംവിധായകൻ കയ്യടി അർഹിക്കുന്നുവെന്നാണ് രാജമൗലി പറയുന്നത്. കൂടാതെ ചിത്രത്തിലെ നസ്ലെന്റെയും മമിത ബൈജുവിന്റെയും ശ്യാം മോഹന്റെയും പ്രകടനത്തെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ രാജമൗലി പ്രശംസിക്കുന്നുണ്ട്.
“കാർത്തികേയ തെലുങ്കിൽ പ്രേമലു ചെയ്യുന്നതിൽ വളരെ സന്തോഷം. സിനിമ മുഴുവനുമൊരു ചിരിപ്പൂരമായിരുന്നു. യൂത്തിന്റെ ഭാഷ പൂർണ്ണമായി ചിത്രത്തിൽ കൊണ്ടുവന്ന എഴുത്തുകാരൻ അഭിനന്ദനം അർഹിക്കുന്നുണ്ട്.
ട്രെയിലർ കണ്ടപ്പോൾ തന്നെ റീനു എന്ന പെൺകുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സച്ചിന്‍ എന്ന കഥാപാത്രം വളരെ നന്നായിട്ടുണ്ട്. പക്ഷേ എൻ്റെ പ്രിയങ്കരൻ ആദിയാണ്, ജെ.കെ- ജസ്റ്റ് കിഡിങ്.” എന്നാണ് രാജമൗലി കുറിച്ചത്. ഇന്നാണ് ചിത്രത്തിന്റെ തെലുങ്ക് വേർഷൻ റിലീസ് ആവുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് റോം- കോം ഴോണറിലൊരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നസ്‍ലെൻ, മമിത ബൈജു, ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.