മന്ത്രി കെ രാധാകൃഷ്ണന്‍ന് ക്ഷേത്രത്തില്‍ നേരിടേണ്ടി വന്ന ജാതി വിവേചനത്തിനെതിരെ പ്രതികരിച്ച നടന്‍ സുബീഷ് സുധിക്ക് കടുത്ത സൈബര്‍ ആക്രമണം. ഭീകരമായ രീതിയില്‍ തെറി വിളികളാണ് തനിക്ക് എതിരെ നടക്കുന്നത് എന്നാണ് സുബീഷ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.
സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോള്‍ ഫോട്ടോ എടുക്കുമ്പോള്‍ തന്നെ മാറ്റി നിര്‍ത്തിയ സംഭവത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് നടന്റെ കുറിപ്പ്. സമൂഹത്തില്‍ നിന്ന് പല നിലയില്‍ അകറ്റിനിര്‍ത്തപ്പെട്ട താന്‍ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയില്‍ പ്രതികരിക്കുമെന്നും സുബീഷ് സുധി വ്യക്തമാക്കി.
സുബീഷ് സുധിയുടെ കുറിപ്പ്:
മന്ത്രി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇന്നലെ ഞാനിട്ട പോസ്റ്റിന് മറുപടിയായി ഇന്‍ബോക്‌സിലൂടെയും അല്ലാതെയും ഭീകരമായ തെറിവിളികളാണ് എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നിടത്തോളം കാലം ഈ തെറിവിളികളെ ഭയക്കുന്നില്ല. കാരണം ഞാന്‍ ഈ സമൂഹത്തില്‍ നിന്ന് ഒരുപാട് വിവേചനങ്ങളും മാറ്റിനിര്‍ത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍ ഉണ്ടായ അനുഭവം ഇന്നും വേദനയോടെ മനസ്സിലുണ്ട്. മറ്റു സുഹൃത്തുക്കളുടെ കൂടെ ചെന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോയപ്പോള്‍ കല്യാണം കഴിക്കുന്ന ആള്‍ എന്നെമാത്രം മാറ്റി നിര്‍ത്തിയത് പൊള്ളുന്ന ഓര്‍മ്മയായി ഇന്നും നീറ്റലുണ്ടാക്കുന്നു. ചിലപ്പോള്‍ ഞാന്‍ ഉള്‍ക്കൊള്ളുന്ന ജാതിയോ എന്റെ രൂപമോ ആയിരുന്നിരിക്കാം അയാളുടെ പ്രശ്‌നം. ജാതി ഭേദമന്യേ മറ്റുള്ളവരെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍.
സമൂഹത്തില്‍ നിന്ന് പല നിലയില്‍ അകറ്റിനിര്‍ത്തപ്പെട്ട ഞാന്‍ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയില്‍ സ്വാഭാവികമായും പ്രതികരിക്കും. അത് മന്ത്രിയായതുകൊണ്ട് മാത്രമല്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാത്രമല്ല. അല്ലാതെയും അവരുടെ കൂടെ നില്‍ക്കുന്നവനാണ് ഞാന്‍. അതുകൊണ്ട് എന്നെ തെറി വിളിക്കുന്ന സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ.
എന്നെ പിന്തുണക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റുള്ളവരോ ഇല്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യര്‍ക്ക് വേണ്ടിയും സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും ഞാനെന്നും പ്രതികരിച്ചുകൊണ്ടിരിക്കും.. എനിക്കെതിരെ വാളെടുക്കുന്ന നിങ്ങള്‍ ആദ്യം എന്നെയൊന്ന് മനസിലാക്കുക. ഒരു മനുഷ്യന് മറ്റുള്ളവന്റെ വിഷമം മനസിലാക്കി അതിലിടപെടാനുള്ള, പ്രതികരിക്കാനുള്ള അവകാശം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്. അത് ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.