എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നായികയാണ് സുഹാസിനി. കരിയറിന്റെ തുടക്കകാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ ഒരു അനുഭവമാണ് സുഹാസിനി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. താരം ഹോസ്റ്റ് ചെയ്യുന്ന ഷോയില്‍ നടി രേവതി എത്തിയപ്പോഴാണ് സുഹാസിനി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
ചെറിയച്ഛനായ കമല്‍ ഹാസന്റെ പ്രേരണ കൊണ്ട് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുഹാസിനി സിനിമാറ്റോഗ്രഫി പഠിക്കാന്‍ ചേര്‍ന്നത്. മഹേന്ദ്രന്‍ സംവിധാനം ചെയ്ത ‘നെഞ്ചത്തൈ കിള്ളാതെ’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്.
ഒരു ദിവസം തനിക്കൊപ്പം ചേച്ചിയും ഷൂട്ടിംഗിന് വന്നപ്പോഴുള്ള സംഭവമാണ് സുഹാസിനി പങ്കുവച്ചത്. ”ഞാന്‍ അഭിനയിച്ച മരുമകളെ വാഴ്ക എന്ന സിനിമയുടെ ഷൂട്ടിംഗിന് എനിക്കൊപ്പം എന്റെ ചേച്ചിയും വന്നു. അതൊരു തെലുങ്ക് പടത്തിന്റെ റീമേക്ക് ആയിരുന്നു. അതിലെ നായിക ഒരു പുരുഷനാല്‍ റേപ്പ് ചെയ്യപ്പെടും.”
”പിന്നീട് അയാളെ തന്നെ വിവാഹ കഴിക്കേണ്ടിയും വരും. ഞാന്‍ ലൊക്കേഷനില്‍ എത്തി ചോദിച്ചു, ഇന്ന് എന്താണ് സീന്‍ എന്ന്. അവര്‍ പറഞ്ഞു, ‘ഇന്ന് ഫസ്റ്റ് നൈറ്റ് മേഡം, നാളെ റേപ്പ് സീന്‍,’ എന്ന്. ഇത് കേട്ടതും എന്റെ ചേച്ചി അന്തംവിട്ടു. കാര്‍ എടുത്തു അപ്പൊ തന്നെ വീട്ടിലേക്ക് പോയി.”
”ഇന്ന് ഫസ്റ്റ് നൈറ്റ്, നാളെ റേപ്പ് എന്നൊക്കെ പറയുന്നു… എന്റെ കുഞ്ഞനുജത്തിയാണ് അവള്‍… എന്ത് തരം ഒരു ഇന്‍ഡസ്ട്രിയിലാണ് അവളെ കൊണ്ട് വിട്ടിരിക്കുന്നത് എന്നൊക്കെ ചോദിച്ച് ചേച്ചി ദേഷ്യപ്പെട്ടു” എന്നാണ് സുഹാസിനി പറഞ്ഞത്. അതേസമയം, മിസ്റ്റര്‍ പ്രഗ്നന്റ് എന്ന സിനിമയാണ് സുഹാസിനിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.