ഇപ്പോഴും മണി രത്നമാണ് അടുക്കള കാര്യങ്ങൾക്ക് വേണ്ടി പണം ചെലവാക്കുന്നത്: സുഹാസിനി

തെന്നിന്ത്യൻ സിനിമയുടെ ബ്രാൻഡ് ആണ് മണി രത്നം. 1983-ൽ ‘പല്ലവി അനുപല്ലവി’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മണി രത്നം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. 1986-ൽ പുറത്തിറങ്ങിയ ‘മൗനരാഗം’ എന്ന ചിത്രത്തിലൂടെയാണ് മണി രത്നം തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ സജീവമാവുന്നത്. പിന്നീട് വന്ന നായകൻ, ദളപതി, റോജ, ബോംബെ, ഇരുവർ, ദിൽ സെ, ആയുധ എഴുത്ത്, രാവണൻ, ഓകെ കണ്മണി, ചെക്ക ചിവന്ത വാനം, പൊന്നിയിൻ സെൽവൻ പാർട്ട് 1&2 തുടങ്ങീ ഒട്ടുമിക്ക സിനിമകളും ഹിറ്റുകളാണ്.

നായകന് ശേഷം കമൽഹാസൻ- മണിരത്നം കോമ്പോയിൽ വരാനിരിക്കുന്ന ‘തഗ് ലൈഫ്’ ആണ് ഏറ്റവും പുതിയ ചിത്രം. ഇന്ന് അറുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ് മണി രത്നം. ഇപ്പോഴിതാ മണി രത്നത്തെ കുറിച്ച് സുഹാസിനി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഇപ്പോഴും അടുക്കള കാര്യങ്ങൾക്ക് പണം ചിലവഴിക്കുന്നത് മണി രത്നമാണെന്നാണ് സുഹാസിനി പറയുന്നത്.

“ഞാൻ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്യുന്ന വ്യക്തിയാണ്. മണി വഴക്ക് പറയും. പത്ത് ദിവസത്തിന് ശേഷം എനിക്കൊരു ഔട്ട് ഡോർ ഷൂട്ട് ഉണ്ടെങ്കിൽ ഇന്ന് എന്റെ സ്യൂട്ട് കേസ് റെഡിയാക്കി കട്ടിലിനടിയിലുണ്ടാവും. വർഷങ്ങൾ നീണ്ട കരിയറിൽ മകന് വേണ്ടി ഒരു തവണ ഞാൻ ബ്രേക്ക് എടുത്തിട്ടുണ്ട്. അവന് ഒരു വയസും രണ്ട് മാസവും ഉള്ളപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. അവന്റെ ബുദ്ധിമുട്ട് കണ്ട് എനിക്ക് വിഷമമായി. എട്ട് പത്ത് മാസം ഒരു ജോലിയും ചെയ്യാതെ മകനെ മാത്രം നോക്കി. ​

അടുക്കള കാര്യങ്ങൾക്ക് നിങ്ങളാണ് നൽകേണ്ടതെന്ന് കല്യാണമായയുടനെ ഞാൻ അദ്ദേഹത്തോട് പറഞ്ഞതാണ്. കാരണം കല്യാണം കഴിക്കണമെന്ന് ആ​ഗ്രഹിക്കുന്നത് പുരുഷൻമാരാണ്. സ്ത്രീകളെ നിർബന്ധിച്ചാണ് വിവാഹം ചെയ്യിക്കുന്നത്. ഇപ്പോഴും മണിയാണ് അടുക്കളയ്ക്ക് വേണ്ടി ചെലവാക്കുന്നത്. പുരുഷൻമാർക്ക് ഞാനാണ് ഭക്ഷണത്തിന് പണം ചെലവഴിക്കണ്ടതെന്ന ചിന്ത താഴേക്കിടിയിൽ നിന്ന് വരണം. അതിന് പകരം മദ്യപിക്കാൻ ഭാര്യമാരോട് പണം വാങ്ങുന്ന സാഹചര്യമാണ് ഇന്നുള്ളത്.” എന്നാണ് സുഹാസിനി പറഞ്ഞത്.