കൽക്കിയിലെ സുപ്രീം യാസ്കിൻ ആവേണ്ടിയിരുന്നത് മോഹൻലാൽ, പക്ഷേ..; വെളിപ്പെടുത്തി നാഗ് അശ്വിൻ

നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ കമൽ ഹാസൻ അവതരിപ്പിച്ച സുപ്രീം യാസ്കിൻ എന്ന പ്രതിനായക വേഷത്തിലേക്ക് മോഹൻലാലിനേയും പരിഗണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ നാഗ് അശ്വിൻ. ആദ്യം കമൽഹാസനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ഇന്ത്യൻ 2 ചിത്രീകരണത്തിലായിരുന്നുവെന്നും, അങ്ങനെയിരിക്കെ മോഹൻലാലിനെ സമീപിക്കാനിരിക്കുമ്പോഴാണ് കമൽ ഹാസൻ ചിത്രത്തിലേക്ക് സമ്മതം മൂളിയതെന്നും നാഗ് അശ്വിൻ പറയുന്നു.

“ഇന്ത്യൻ 2-ൻ്റെ തിരക്കിലായിരുന്നതിനാൽ ഷൂട്ടിം​ഗ് ഡേറ്റിൽ ക്ലാഷ് ഉണ്ടായതിനെ തുട‍ർന്നാണ് മോഹൻലാലിനെ പരി​ഗണിക്കാൻ ഞങ്ങൾ ആലോചിച്ചത്. എന്നാൽ മോഹൻലാലിനെ കാണാൻ തീരുമാനിച്ചതിന് ഒരു ദിവസം മുമ്പ് കമൽഹാസൻ ഫോണിൽ വിളിച്ച് കൽക്കിയിൽ അഭിനയിക്കാൻ സമ്മതം അറിയിക്കുകയായിരുന്നു.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ നാഗ് അശ്വിൻ പറഞ്ഞത്

സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽപെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി,ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, ശോഭന തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മഹാഭാരത യുദ്ധത്തിന് ശേഷം 6000 വർഷങ്ങൾക്കു ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കൽക്കിയിലൂടെ ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. യാഷ്കിൻ എന്ന വില്ലൻ കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.