വോട്ടിനായി അഞ്ഞുറിലധികം അഭിനേതാക്കളുമായി സംസാരിച്ചു, സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അക്കാര്യം പറഞ്ഞ് കരഞ്ഞു: സുരഭി ലക്ഷ്മി

ഇതുവരെ കാണാത്ത തരത്തിലുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്തവണ താരസംഘടനയായ ‘അമ്മ’യില്‍ നടന്നത്. അമ്മയിലെ തിരഞ്ഞെടുപ്പ് അനുഭവങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി ഇപ്പോള്‍. തിരഞ്ഞെടുപ്പില്‍ സ്ത്രീകളില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് നേടിയ താരമാണ് സുരഭി.

മത്സരിക്കുമ്പോള്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അഞ്ഞൂറിലധികം അഭിനേതാക്കളുമായി സംസാരിക്കാനും അവരുമായി ഒരു കോണ്‍ടാക്ട് ഉണ്ടാക്കാനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു എക്സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ എന്തെല്ലാം ചെയ്യാന്‍ പറ്റുമോ പറയാന്‍ പറ്റുമോ അതൊക്കെ ചെയ്യണം.

സ്ത്രീകളില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് കിട്ടിയ ആളാണ് ഞാന്‍. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അമ്മ കൊടുക്കുന്ന കൈനീട്ടം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് പറഞ്ഞ് കരയുന്ന ഒരുപാട് സീനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ട്.

ഉറപ്പായും വോട്ട് ചെയ്യും വിളിച്ചല്ലോയെന്ന് പറഞ്ഞവരുണ്ട്. അങ്ങനെയുള്ള അനുഭവങ്ങളിലൂടെ പല തിരിച്ചറിവുകളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി അംഗങ്ങള്‍ വനിത കമ്മീഷനെ കാണുകയും ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

നിലവില്‍ അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ട്. ഇന്റേണല്‍ കമ്മിറ്റി വേണം. അതുണ്ട്. വളരെ ശക്തവുമായിരിക്കും എന്നാണ് സുരഭി ലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെങ്കില്‍ അത് ഡബ്ല്യൂസിസിയുടെ വിജയമാണെന്ന് നടി റിമ കല്ലിങ്കല്‍ പ്രതികരിച്ചിരുന്നു.