റോളക്‌സിനൊപ്പം 'ഇരുമ്പുകൈ മായാവി'യും വരും, പ്രോജക്ട് നീണ്ടു പോവാന്‍ കാരണം മറ്റൊന്ന്: സൂര്യ

സിനിമാപ്രേമികള്‍ ഒന്നടങ്കം ആഘോഷമാക്കിയ കഥാപാത്രമാണ് റോളക്‌സ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘വിക്രം’ ചിത്രത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട കാമിയോ ആണ് സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന കഥാപാത്രം. ഈ കഥാപാത്രത്തെ നായകനാക്കി ലോകേഷ് പുതിയ സിനിമ ഒരുക്കുമെന്ന വിവരങ്ങളും പുറത്തെത്തിയിരുന്നു.

മാത്രമല്ല ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മറ്റ് സിനിമകളിലും റോളക്‌സ് എത്തുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. റോളക്‌സ് നായകനാകുന്ന പുതിയ സിനിമ വരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സൂര്യ ഇപ്പോള്‍. ”ഒരു ദിവസത്തിന്റെ പകുതി മാത്രമായിരുന്നു റോളക്സിനായി വേണ്ടി വന്നത്. പക്ഷേ റോളക്‌സിന് ഇത്രമാത്രം ആരാധക സ്‌നേഹം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.”

”വിക്രത്തിന് ശേഷം ഒരു ദിവസം ഞാന്‍ ലോകേഷിനെ കണ്ടപ്പോള്‍ എന്തു കൊണ്ട് റോളക്‌സിനെ മാത്രം വച്ചു കൊണ്ട് ഒരു സിനിമ ചെയ്തു കൂടാ എന്ന് അദ്ദേഹം ചോദിച്ചു. അതുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകളും ഞങ്ങള്‍ക്കിടയില്‍ നടന്നിരുന്നു. ഞങ്ങള്‍ രണ്ടുപേരുടേയും മറ്റ് പല കമ്മിറ്റ്‌മെന്റുകളുടെയും പേരിലാണ് ഈ പ്രോജക്ട് നീണ്ടു പോകുന്നത്.”

”മാത്രമല്ല റോളക്‌സിനൊപ്പം ഇരുമ്പുകൈ മായാവിയും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കുമെന്നാണ് പ്രതീക്ഷ. ഏത് ആദ്യം, എപ്പോള്‍ സംഭവിക്കുമെന്ന് കണ്ടറിയാം” എന്നാണ് സൂര്യ പറയുന്നത്. തന്റെ പുതിയ ചിത്രം ‘കങ്കുവ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ സംസാരിച്ചത്.

അതേസമയം, ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനായി എത്തുന്ന ഫാന്റസി-ആക്ഷന്‍ ചിത്രം ‘കങ്കുവ’ നവംബര്‍ 14 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണിത്. ഇരട്ടവേഷത്തിലാണ് സൂര്യ എത്തുന്നതെന്ന പ്രത്യേകതയും കങ്കുവയ്ക്കുണ്ട്.

Read more