എഡിറ്റര്‍ നിഷാദ് യൂസഫിന്റെ വിയോഗത്തില്‍ അനുശോചനങ്ങളുമായി നടന്‍ സൂര്യ. നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു എന്നാണ് സൂര്യ എക്സില്‍ പങ്കുവച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ എഡിറ്ററാണ് നിഷാദ്.
കങ്കുവ ടീമിലെ നിശ്ശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. നിഷാദിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അദ്ദേഹം അനുശോചനം അറിയിച്ചു. നവംബര്‍ 14ന് കങ്കുവ പുറത്തിറങ്ങാനിരിക്കെയാണ് നിഷാദിന്റെ മരണം.
Heartbroken to hear Nishadh is no more! You’ll always be remembered as a quiet and important person of team Kanguva.. In our thoughts and prayers..! My heartfelt condolences to Nishadh’s family & friends. RIP pic.twitter.com/ClAI024sUe
— Suriya Sivakumar (@Suriya_offl) October 30, 2024
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അടക്കം നിഷാദ് പങ്കെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെയ്ക്ക് രണ്ടോടെ പനമ്പള്ളിയിലെ ഫ്ലാറ്റിലാണ് നിഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്. 43 വയസായിരുന്നു. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യയുടെ 45-ാം സിനിമയുടെയും എഡിറ്റര്‍ നിഷാദ് ആയിരുന്നു.
ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, വൂള്‍ഫ്, ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് ആന്‍ഡ് കോ, ഉടല്‍, ആളങ്കം, ആയിരത്തൊന്ന് നുണകള്‍, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് നിഷാദ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍.
മമ്മൂട്ടിയുടെ ബസൂക്ക, നസ്ലിന്റെ ആലപ്പുഴ ജിംഖാന, തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സിനിമ എന്നിവയാണ് നിഷാദിന്റെതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം സിനിമയില്‍ സ്പോട്ട് എഡിറ്റര്‍ ആയാണ് തുടക്കം. വിനയന്‍ ചിത്രം രഘുവിന്റെ സ്വന്തം റസിയയിലൂടെയാണ് സ്വതന്ത്ര എഡിറ്റര്‍ ആയത്.