'പെട്ടെന്ന് കുറേ ചെറുപ്പക്കാര്‍ കൊടിയും പിടിച്ച് കൊട്ടാരത്തിന് അകത്തേക്ക് വന്നു, പുരാവസ്തു നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു', മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സില്‍ സംഭവിച്ചത്: സ്വര്‍ഗചിത്ര അപ്പച്ചന്‍

മണിച്ചിത്രത്താഴ് സിനിമ ചിത്രീകരിക്കുമ്പോഴുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് മനസ്സ് തുറന്ന് നിര്‍മ്മാതാവ് സ്വര്‍ഗച്ചിത്ര അപ്പച്ചന്‍. പത്മനാഭപുരം കൊട്ടാരത്തിലും തൃപ്പൂണിത്തുറ ഹില്‍ പാലസിലുമായാണ് മണിച്ചിത്രത്താഴ് ചിത്രീകരിച്ചത്. പത്മനാഭപുരം കൊട്ടാരത്തില്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയാല്‍ മുക്കാല്‍ഭാഗവും അവിടെ തീര്‍ക്കാന്‍ കഴിയും എന്ന് സംവിധായകന്‍ ഫാസില്‍ പ്ലാന്‍ ചെയ്തു, എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു എന്ന് നിര്‍മ്മാതാവ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്വര്‍ഗചിത്ര അപ്പച്ചന്റെ വാക്കുകള്‍:

മോഹന്‍ലാലിന്റെയും ശോഭനയുടെയും ഡേറ്റ് റെഡിയാക്കി കഴിഞ്ഞപ്പോഴാണ് പ്രശ്‌നം വന്നത്. പത്മനാഭപുരം കൊട്ടാരം പുരാവസ്തുവായതിനാല്‍ ഷൂട്ടിംഗിന് നല്‍കേണ്ടെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയതാണ്. കെ കരുണാകരനാണ് അന്ന് മുഖ്യമന്ത്രി. സാംസ്‌കാരിക മന്ത്രി ടി.എം ജേക്കബും. കൊട്ടാരം കിട്ടിയാലേ ഈ സിനിമ നടക്കൂ.

അങ്ങനെയാണെങ്കില്‍ സിദ്ധിഖിനെയും ലാലിനെയും പ്രിയനെയും സിബിയെയും വിളിച്ച് നാല് ക്യാമറകള്‍ സെറ്റ് ചെയ്ത് എളുപ്പത്തില്‍ ഷൂട്ടിംഗ് തീര്‍ക്കാം എന്ന് ഫാസില്‍ പറഞ്ഞു. ടി.എം ജേക്കബ് വഴി സിഎമ്മിനെ കണ്ടു. ഒടുവില്‍ അനുമതി വാങ്ങി. അങ്ങനെ നവംബര്‍ ഒന്നു മുതല്‍ 30 വരെ ഷൂട്ടിങ്ങിന് അനുമതിയായി. നാല് യൂണിറ്റുകളുമായി ഷൂട്ടിംഗ് തുടങ്ങി. സിദ്ധിഖ്, ലാല്‍, പ്രിയദര്‍ശന്‍, സിബി മലയില്‍.

പാച്ചിക്ക് രാവിലെ നാലു പേരെയും വിളിച്ച് ഓരോരുത്തരും എടുക്കേണ്ട ഷോട്ടുകള്‍ പറഞ്ഞു കൊടുക്കും. സ്‌ക്രിപ്റ്റും ഭാഗിച്ചു നല്‍കും. സംവിധായകര്‍ക്കൊപ്പം നാല് അസിസ്റ്റന്റുമാരെയും നല്‍കി. പത്താം ദിവസം ഷൂട്ട് നടക്കുമ്പോള്‍ പെട്ടെന്ന് കുറെ ചെറുപ്പക്കാര്‍ കൊടിയും പിടിച്ചു കൊട്ടാരത്തിനകത്തേക്ക് കയറി വന്നു. അവിടെയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകരാണവര്‍.

”ആരോട് ചോദിച്ചിട്ടാ ഇവിടെ ഷൂട്ടിംഗ് നടത്തുന്നത്?” സര്‍ക്കാരിന്റെ ഓര്‍ഡര്‍ കാണിച്ചിട്ടും അവര്‍ പിന്‍വാങ്ങുന്നില്ല. ”പുരാവസ്തു നശിപ്പിക്കാന്‍ സമ്മതിക്കില്ല. ഷൂട്ടിംഗ് നടത്താന്‍ കഴിയില്ല” എന്ന് പറഞ്ഞതോടെ ഷൂട്ടിംഗ് നിര്‍ത്തി. ക്ലൈമാക്‌സ് എടുക്കാന്‍ പറ്റാത്തതായിരുന്നു പാച്ചിയുടെ പ്രശ്‌നം. പിന്നീടാണ് തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ ചിത്രീകരണം ആരംഭിച്ചത്. പതിനഞ്ചു ദിവസം അവിടെ ഷൂട്ട് ചെയ്തു.

Read more

ഇന്നസെന്റേട്ടന്‍ വടിയെടുത്ത് നടക്കുന്നതൊക്കെ അവിടെയാണ് ചിത്രീകരിച്ചത്. ക്ലൈമാക്‌സിന് ഏഴ് ദിവസമെങ്കിലും വേണം. അതിന് പത്മനാഭപുരം അല്ലാതെ മറ്റൊരു ഓപ്ഷനില്ല. അവിടത്തെ കല്‍മണ്ഡപത്തിലാണ് ശോഭനയുടെ ഡാന്‍സ് ചിത്രീകരിക്കേണ്ടത്. ജേക്കബ് സാറിന്റെ ഉപദേശം കേട്ട് അവിടെയുള്ള ലോക്കലായ ആളുകളെ കണ്ട് ചര്‍ച്ച നടത്തി. രാഷ്ട്രീയനേതാക്കളെ കണ്ട് കാര്യം വിശദീകരിച്ചു താഴ്ചയോടെ സംസാരിച്ചപ്പോള്‍ അവര്‍ കീഴടങ്ങി.