വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടെ ചിത്രത്തിന്റെ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിനെതിരെ ആരോപണവുമായി തമിഴ് നിർമ്മാതാവും ഡിസ്ട്രിബ്യൂട്ടറുമായ ധനഞ്ജയൻ രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയിലർ കണ്ടതിന് ശേഷം താൻ വിശാഖിനെ വിളിച്ച് സിനിമയുടെ തമിഴ്നാട് റൈറ്റ്സ് ചോദിച്ചിരുന്നുവെന്നും എന്നാൽ വലിയ തുക പറഞ്ഞതുകൊണ്ട് താൻ പിന്മാറിയെന്നും ധനഞ്ജയൻ പറയുന്നു. മഞ്ഞുമ്മൽ ബോയ്സിനെക്കാൾ മികച്ച സിനിമയാണ് വർഷങ്ങൾക്കു ശേഷം എന്ന് പറഞ്ഞുകൊണ്ടാണ് ഇത്രയും തുക വിശാഖ് ചോദിച്ചതെന്നും ധനഞ്ജയൻ പറയുന്നു.
“മഞ്ഞുമ്മൽ ബോയ്‌സ് ഗംഭീരമായി ഓടുന്ന സമയത്താണ് ഞാൻ വർഷങ്ങൾക്കു ശേഷത്തിൻ്റെ പ്രൊഡ്യൂസറിനെ വിളിക്കുന്നത്. ആ സമയത്ത് സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയിട്ടുണ്ടായിരുന്നു. ട്രെയ്‌ലർ എനിക്കിഷ്ടമായി, ഈ സിനിമയുടെ തമിഴ്നാട് റൈറ്റ്സ് കിട്ടിയാൽ കൊള്ളാമെന്ന് ഞാൻ പറഞ്ഞു.
15 കോടിയാണ് അയാൾ പറഞ്ഞത്. അത്രയും വലിയ എമൗണ്ടിന് ആ സിനിമ ഏറ്റെടുക്കുന്നത് വലിയ റിസ്‌കാണ്. വേറെയാരെയെങ്കിലും നോക്കിക്കോളൂ എന്ന് ഞാൻ പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സിനെക്കാൾ മികച്ച സിനിമയാണെന്ന് പറഞ്ഞുകൊണ്ടാണ് അയാൾ 15 കോടി ചോദിച്ചത്.
മഞ്ഞുമ്മൽ ബോയ്സ്സൊക്കെ വൺ ടൈം മാജിക്കാണ്. ഇനി അതുപോലെ ഏതെങ്കിലും സിനിമ കളക്ഷൻ നേടാൻ ചാൻസ് കുറവാണ്. ആ സിനിമയുടെ വിജയം കണ്ട് എല്ലാ പടവും വാങ്ങാൻ നിന്നാൽ ശരിയാവില്ല. വർഷങ്ങൾക്കുശേഷം ഇതുവരെ ഒരു കോടി ഷെയർ പോലും നേടിയിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ആവേശത്തിനാണ് അതിനെക്കാൾ കൂടുതൽ കളക്ഷൻ.” എന്നാണ് വിസിൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ധനഞ്ജയൻ പറഞ്ഞത്.
എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.
അതേസമയം നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.