പ്രേമം പോലെയുള്ള സിനിമകൾ ചെയ്യാൻ തനിക്ക് സാധിക്കുമെന്നും എന്നാൽ തന്റെ പ്രേക്ഷകർക്ക് ഇഷ്പ്പെടാത്ത തിരക്കഥകളിൽ നിന്നും താൻ വിട്ട് നിൽക്കുകയാണെന്നും തെലുങ്ക് താരം വിജയ് ദേവരകൊണ്ട. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
മലയാളം സിനിമകൾ സാങ്കേതികമായി മികച്ചതാണെന്നും സംഗീതവും പോസ്റ്ററുമടക്കം തുടക്കം മുതൽ ഒടുക്കം വരെ എല്ലാം മികച്ചതാണെന്നും നടൻ പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും കാണാൻ താൻ കാത്തിരിക്കുകയാണ് എന്നും ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ ട്രെയ്‌ലർ ഈയിടെ കണ്ടുവെന്നും അത് വളരെ ഇഷ്ടപ്പെട്ടു എന്നും താരം പറഞ്ഞു.
‘ഒരു സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുമ്പോള്‍ അത് എന്നോട് ചേര്‍ന്നുനില്‍ക്കണമെന്നില്ല. സാധാരണ ഒരു വർഷം മുതൽ ഒന്നര വർഷം വരെ സമയമെടുത്താണ് എന്റെ സിനിമകൾ നിർമിക്കുന്നത്. ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ ഒരേയൊരു ചിത്രമാണ് ഫാമിലി സ്റ്റാർ. അതുകൊണ്ട് ഞാൻ ഒരു ചിത്രവുമായി വരുമ്പോൾ അത് മോശമായാൽ എന്റെ സിനിമയ്ക്കായി കാത്തിരിക്കുന്ന ആരാധകർ നിരാശരാകും.
വ്യത്യസ്തമായ സിനിമകൾ ഞാൻ കാണാറുണ്ട്. കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ ചെയ്യാനാണ് താത്പര്യം. യുവാക്കള്‍ക്ക് കണക്റ്റാവാന്‍ പറ്റുന്ന ഒരു പ്രായമാണ് ഇപ്പോള്‍ എനിക്ക്. പ്രായമായവരും കുട്ടികളും എന്റെ സിനിമ കാണാൻ എത്തുന്നു. അതുകൊണ്ടു എനിക്ക് അവരെയെല്ലാം രസിപ്പിക്കണം. ഞാൻ എന്നെത്തന്നെ പരിമിതപ്പെടുത്തുകയാണെന്ന് എനിക്കറിയാം’ എന്നാണ് വിജയ് പറഞ്ഞത്.