മലൈക്കോട്ട വാലിബന്റെ പരാജയത്തിന് കാരണം ബാഹുബലി പോലെയാകുമെന്ന തരത്തിലുള്ള പ്രൊമോഷനുകൾ : തരുൺ മൂർത്തി

മലയാളം സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഹൈപ്പ് ആയിരുന്നു മലൈകോട്ടെ വാലിബന് ലഭിച്ചിരുന്നത്. എന്നാൽ പ്രീ റിലീസ് ഹൈപ്പുകളോട് ചിത്രത്തിന് നീതി പുലർത്താനായില്ല. മാത്രമല്ല, ആദ്യ ഷോയ്ക്ക് പിന്നാലെ കടുത്ത ഡീഗ്രേഡിംഗും സിനിമയ്‌ക്കെതിരെ നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പരാജയത്തിന് കാരണമായത്‌ എന്താണെന്ന് പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി.

ബാഹുബലി പോലൊരു സിനിമ വരാൻ പോകുന്നു എന്ന തരത്തിൽ സിനിമയ്ക്ക് മാർക്കറ്റിങ് ലഭിച്ചുവെന്നും ഇതാണ് സിനിമയുടെ പരാജയത്തിന് കാരണമായത് എന്നുമാണ് തരുൺ മൂർത്തി പറയുന്നത്. വ്യക്തിപരമായി തനിക്ക് മലൈക്കോട്ട വാലിബൻ ഇഷടമായെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരുണിന്റെ പ്രതികരണം.

‘മാർക്കറ്റിംഗ് ഒരു സിനിമയ്ക്ക് അത്യാവശ്യമാണ്. ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങുമ്പോൾ മുതൽ സിനിമയെ ആളുകൾ പ്രതീക്ഷിക്കും. മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പ്രമോഷൻ അത്രയേറെ ജൈഗാന്റിക് ലെവലിലായിരുന്നു. ബാഹുബലി പോലൊരു സിനിമ വരാൻ പോകുന്നുവെന്നാണ് പ്രേക്ഷകർ കരുതിയത്. അതായിരിക്കാം ആ സിനിമ ആളുകളിൽ അത്ര വർക്കാവാതിരുന്നതിന്റെ കാരണം.

പക്ഷെ, വ്യക്തിപരമായി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് അത്. ഞാൻ ആ സിനിമ കണ്ട് ലിജോ ചേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. ആ സിനിമയുടെ വേൾഡിലേക്ക് ലാലേട്ടനെ കൊണ്ടുവന്നത് എനിക്ക് ഏറെ ഇഷ്ടമായി. പക്ഷെ അതിന്റെ മാർക്കറ്റിങ് സ്ട്രാറ്റജി വേറെ രീതിയിലായിരുന്നു’ എന്നാണ് തരുൺ മൂർത്തി പറയുന്നത്.

Read more