മലയാള സിനിമാ പ്രേക്ഷകരുടെ എല്ലാക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നാണ് ലാൽ ജോസ് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന ചിത്രം. ക്യൂബ മുകുന്ദനും അയാളുടെ ജീവിതവും വളരെ രസകരവും ചിന്തിപ്പിക്കുന്നതുമായ രീതിയിൽ ലാൽ ജോസ് വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നു. സിനിമ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഇപ്പോഴിതാ അറബിക്കഥ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പറയുകയാണ് സംവിധായകനായ ലാൽ ജോസ്. ചൈനീസ് താരമായ ചാങ് ഷു മിനെ വെച്ച് ‘താരക മലരുകൾ വിരിയും പാടം’ എന്ന ഗാനത്തിലെ കുറച്ച് രംഗങ്ങൾ പാലക്കാട് ഷൂട്ട് ചെയ്യാനാണ് സംവിധായകൻ തീരുമാനിച്ചത് . അതിന്റെ ഭാഗമായി ചാങ് ഷു മിൻ കേരളത്തിലേക്ക് വരികയും വടക്കാഞ്ചേരിയിൽ ഒരു ഹോട്ടലിൽ താമസിപ്പികുകയും ചെയ്തിരുന്നു.
“അന്ന് ഷൂട്ട് കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി, പക്ഷേ പുലർച്ചെ ഒരു രണ്ട് മണിയായപ്പോൾ ഹോട്ടലിന് താഴെ വലിയൊരു ശബ്ദത്തോടെ ഇടിമിന്നലുണ്ടായി. ഇടിമിന്നൽ തന്നെയാണോ അതോ ഇനി വല്ല ബോംബ് പൊട്ടിയതാണോ എന്ന് വരെ സംശയിച്ചു പോയി. കാരണം അത്രയും വലിയ ശബ്ദമായിരുന്നു.
പെട്ടെന്ന് ലാൽ സേട്ടാ, ലാൽ സേട്ടാ, ഓപ്പൺ ദി ഡോർ എന്ന് പറഞ്ഞു വാതിലിൽ വലിയ രീതിയിൽ മുട്ട് കേട്ടു. ഞാൻ വാതിൽ തുറന്നതും ചാങ് ഷു മിൻ നൈറ്റ് ഡ്രസ് ഒക്കെയിട്ട് എന്റെ റൂമിലേക്ക് ഓടിവരികയാണ്. സംഭവം എന്താണെന്ന് ചോദിച്ചപ്പോൾ, ഇടി വെട്ടിയത് അവരുടെ റൂമിന്റെ തൊട്ടടുത്തയായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് റൂമിൽ കഴിയാൻ പേടിയാണ് എന്റെ മുറിയിലാണ് ഇന്ന് രാത്രി ഉറങ്ങുന്നതെന്നും അവൾ പറഞ്ഞു. ഇത് കേട്ട ഞാനാകെ പതറിപോയി. കാരണം ഇത് കേരളമാണ്. സംവിധായകന്റെ മുറിയിൽ നിന്നും നായിക രാവിലെ ഇറങ്ങിപോവുന്നത് കണ്ടാൽ പിന്നെ അത് മതി. പിന്നെയൊന്നും പറയണ്ടല്ലോ.
എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ പെട്ടുപോയി. അവസാനം പുതിയതായി അസിസ്റ്റൻറ് ഡയറക്ടറായി വന്ന ഒരു പെൺകുട്ടി ഒരു സിംഗിൾ റൂമിൽ കഴിയുന്നുണ്ടായിരുന്നു. ഞാൻ അവിടെ പോയി വാതിലിൽ മുട്ടി. ആ കുട്ടി ആണെങ്കിൽ എത്ര മുട്ടിയിട്ടും വാതിൽ തുറക്കുന്നില്ല. രാത്രി പന്ത്രണ്ട് മണിക്ക് ഡയറക്ടർ വന്ന് വാതിലിൽ മുട്ടുമ്പൊ സിനിമ മേഖലയെ കുറിച്ച് കേട്ട കഥകൾ വെച്ച് ആരെങ്കിലും വാതിൽ തുറക്കുമോ.
അവസാനം ആ കുട്ടിയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞതിന് ശേഷമാണ് വാതിൽ തുറന്നത്. അങ്ങനെ അന്ന് ചാങ് ഷു മിനെ അവളുടെ കൂടെയാക്കി ഞാൻ തിരിച്ച് റൂമിലേക്ക് പോന്നു. ഒരിക്കൽ ദുബായിൽ ഷൂട്ടിന് പോയപ്പോൾ ചാങ് ഷു മിനെ അവിടെവെച്ച് കണ്ടിരുന്നു. ഞാനപ്പൊ അവളെ ‘ലാൽ സേട്ടാ, ലാൽ സേട്ടാ’ അന്ന് വിളിച്ചു കളിയാക്കി. അവൾക്കറിയാം അത് അന്നത്തെ ദിവസത്തെ പറ്റിയാണെന്ന്.” സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലൂടെയാണ് ലാൽ ജോസ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്.