'ദ കേരള സ്റ്റോറി' ഞാൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമ; പ്രശംസകളുമായി രാം ഗോപാൽ വർമ്മ

സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ. താൻ അടുത്തിടെ കണ്ടതിൽ മികച്ച സിനിമയാണ് കേരള സ്റ്റോറിയെന്നും ഇതഹാരം സിനിമകൾ തനിക്ക് ഇഷ്ടമാണെന്നും രാം ഗോപാൽ വർമ്മ കൂട്ടിചേർത്തു.

“വര്‍ഷങ്ങളായി ഞാന്‍ കണ്ട സിനിമകളില്‍ ഏറ്റവും മികച്ച ഒന്നാണ് ദ കേരള സ്റ്റോറി. സിനിമ കണ്ടതിനു ശേഷം ഞാൻ സംവിധായകനോടും, നിർമ്മാതാവിനോടും, നടി ആദ ശർമ്മയോടും സംസാരിച്ചിരുന്നു. ഇത്തരം സിനിമകൾ എനിക്ക് ഇഷ്ടമാണ്. ഇതേ ടീമിന്റെ മറ്റൊരു സിനിമ കൂടി പുറത്തിറങ്ങിയിരുന്നു, പക്ഷേ ഞാൻ അറിഞ്ഞില്ല, എല്ലാവരും ആ സിനിമയെ അവഗണിച്ചു. അതും ഒരു മികച്ച സിനിമ തന്നെയായിരുന്നു.” ഗാലാട്ട പ്ലസിൽ ഭരദ്വാജ് രംഗനോട് സംസാരിക്കുകയായിരുന്നു രാം ഗോപാൽ വർമ്മ.

കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി.
ചിത്രത്തിന്റെ ടീസർ ഇറങ്ങിയ സമയം മുതൽ ഇതൊരു പ്രൊപ്പഗണ്ട സിനിമയാണെന്ന് ആരോപണം ഉയർന്നിരുന്നു.

ഇത്തരമൊരു സിനിമയിലൂടെ ചരിത്രത്തിന്റെ അപനിർമ്മിതിയാണ് നടക്കുന്നതെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നും വിമർശനമുണ്ടായിരുന്നു.