ചലച്ചിത്ര പുരസ്കാര വേദിയിൽ വിവാദ പ്രസ്താവന നടത്തുകയും, അതിനെ പിന്നീട് ന്യായീകരിക്കുകയും ചെയ്ത അലൻസിയർക്കെതിരെ കടുത്ത വിമർശനവുമായി സംവിധായിക ശ്രുതി ശരണ്യം.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശ്രുതി തന്റെ വിമർശനം ഉന്നയിച്ചത്.‘തന്റെ കയ്യിലിരിക്കുന്ന രാജ്ഞി അവിശ്വസിനീയമായ ഒന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് ശ്രുതിയുടെ കുറിപ്പ് തുടങ്ങുന്നത്.
“ഇന്ന് ചലച്ചിത്ര പുരസ്കാരവേദിയിൽ അലൻസിയർ നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന,പുരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു.’
സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്തരം നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയിൽ നിന്ന് സംസാരിക്കാൻ എങ്ങനെ അലൻസിയർക്ക് കഴിഞ്ഞുവെന്നും ഇതൊരു അപമാനമാണെന്നും ശ്രുതി ചോദിക്കുന്നു. സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ തന്റെ ഉത്തരവാദിത്തമാണ് ഇതിനെതിരെ പ്രതികരിക്കേണ്ടതെന്നും ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ശ്രുതി സംവിധാനം ചെയ്ത ‘ബി 32 മുതൽ 44 വരെ’ എന്ന സിനിമയ്ക്കാണ് ഈ വർഷത്തെ മികച്ച സ്ത്രീ സിനിമയ്ക്കുള്ള അവാർഡ്. അലൻസിയറുടെ വിവാദ പ്രസ്താവനയ്ക്കെതിരെ നിരവധി താരങ്ങൾ രംഗത്തു വന്നിരുന്നു, അപ്പോഴും തന്റെ പ്രസ്താവനയെ വീണ്ടും ന്യായീകരിക്കുക മാത്രമാണ് അലൻസിയർ ചെയ്യുന്നത്.