രജിനി സാറിനെ വെച്ച് പടം ചെയ്യാന്‍ ഓഫര്‍ വന്നപ്പോള്‍ താന്‍ സമീപിച്ച തിരക്കഥാകൃത്ത്; വെളിപ്പെടുത്തി പൃഥ്വിരാജ്

ലൂസിഫര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച ഗംഭീര സംവിധായകനാണ് നടന്‍ പൃഥ്വിരാജ്. ലൂസിഫര്‍ വലിയ വിജയം നേടിയപ്പോള്‍ പൃഥ്വിരാജ് എന്ന സംവിധായകനെ തേടി വന്നത് തമിഴില്‍ രജനികാന്തിനെ വെച്ചും തെലുങ്കില്‍ ചിരഞ്ജീവിയെ വെച്ചും ചിത്രങ്ങള്‍ ചെയ്യാനുള്ള ഓഫറുകളാണ്. ഇപ്പോഴിതാ ഇതില്‍ രജിനികാന്തിനെ വെച്ച് പടം ചെയ്യാന്‍ ഓഫര്‍ വന്നപ്പോള്‍ താന്‍ സമീപിച്ച തിരക്കഥാകൃത്ത് ആരെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.

‘രജനി സാറിനെ വെച്ചൊരു ചിത്രം ചെയ്യാനുള്ള ഓഫര്‍ വന്നപ്പോള്‍, അദ്ദേഹത്തിന് ചെയ്യാന്‍ പറ്റിയ ഒരു കഥയുണ്ടോ എന്ന് ഞാന്‍ ചോദിച്ച ചുരുക്കം ചില രചയിതാക്കളിലൊരാള്‍ ജനഗണമനയുടെ എഴുത്തുകാരന്‍ ഷാരിസാണ്. അത്രമാത്രം ശ്കതമായി എഴുതുന്നയാളാണ് ഷാരിസ്’ പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഡിയോ ജോസ് ആന്റണി ഒരുക്കിയ ചിത്രമാണ് ജന ഗണ മന. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അരവിന്ദ് സ്വാമിനാഥന്‍ എന്നൊരു വക്കീല്‍ കഥാപാത്രമായി പൃഥ്വിരാജ് അഭിനയിച്ചപ്പോള്‍ സാജന്‍ കുമാര്‍ എന്ന പൊലീസ് ഓഫീസറായാണ് സുരാജ് വേഷമിട്ടത്.