മലയാള സിനിമയ്ക്ക് ലോക സിനിമയുടെ മുൻപിൽ എന്നും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഒരുപിടി മികച്ച സിനിമകൾ സംവിധാനം ചെയ്ത ഫിലിം മേക്കറാണ് ഷാജി എൻ കരുൺ. ‘പിറവി’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ഷാജി എൻ കരുൺ ശ്രദ്ധ നേടിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ‘ക്യാമറ ഡി ഓർ’ പുരസ്കാരവും പിറവി സ്വന്തമാക്കിയിരുന്നു.
അത്തരത്തിൽ അന്താരാഷ്ട്ര വേദികളിൽ മികച്ച പ്രശംസകൾ ഏറ്റുവാങ്ങിയ ഷാജി എൻ കരുൺ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി 1999 ൽ പുറത്തിറങ്ങിയ ‘വാനപ്രസ്ഥം’. രഘുനാഥ് പാലേരിയും ഷാജി എൻ കരുണും ചേർന്നായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. സ്വിസ് ഛായാഗ്രാഹകൻ റെനാറ്റൊ ബെർത്തയും സന്തോഷ് ശിവനും ചേർന്നായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരുന്നത്.
കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം, മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടികൊടുത്തിരുന്നു. കൂടാതെ മികച്ച എഡിറ്റിങ്ങിനും ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും വാനപ്രസ്ഥം സ്വന്തമാക്കിയിരുന്നു.
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു വാനപ്രസ്ഥത്തിലെ കുഞ്ഞികുട്ടൻ എന്ന കഥാപാത്രം. കഥകളി കലാകാരനായി മികച്ച പ്രകടനമാണ് ചിത്രത്തിൽ മോഹൻലാൽ നടത്തിയത്. വാനപ്രസ്ഥത്തിന് ശേഷം ഷാജി എൻ കരുൺ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ അന്ന് പുറത്തുവന്നിരുന്നു. ടി. പത്മനാഭന്റെ ‘കടൽ’ എന്ന ചെറുകഥയെ ആസ്പദമാക്കി ‘ഗാഥ’ എന്ന ചിത്രമായിരുന്നു അത്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് ‘ഗാഥ’ എന്ന സിനിമ നടക്കാതെ പോയത് എന്നതിനെ പറ്റി പറയുകയാണ് ഷാജി എൻ കരുൺ. ഷാജി എന്‍ കരുണിന്‍റെ അസോസിയേറ്റും തിരക്കഥാകൃത്തുമായ സജീവ് പാഴൂര്‍ 2017 ല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന തരത്തിൽ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്നാൽ ആ സിനിമ ഉപേക്ഷിച്ചു എന്നാണ് ഷാജി എൻ കരുൺ ഇപ്പോൾ പറയുന്നത്.
“ആ സിനിമ നടക്കാതെപോയതിന് പ്രധാന കാരണം പണത്തിന്‍റെ ദൌര്‍ലഭ്യം ആയിരുന്നു. വിദേശത്തുള്ള ഒരാളെക്കൊണ്ടാണ് അതിന്‍റെ മ്യൂസിക് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. ടി പത്മനാഭന്‍റെ കടല്‍ എന്ന കഥയെ ആസ്പദമാക്കി ആലോചിച്ച സിനിമയായിരുന്നു ഗാഥ. കടല്‍ പോലെ ആയിരിക്കണം സംഗീതം എന്നാണ് തീരുമാനിച്ചിരുന്നത്. ഓരോ സെക്കന്‍ഡും മാറിക്കൊണ്ടേയിരിക്കുന്ന, രണ്ടാമതൊന്ന് ആവര്‍ത്തിക്കാത്ത, കണ്ടതുതന്നെ വീണ്ടും കാണാന്‍ പറ്റാത്ത ഒന്ന്. അതിലെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധവും അങ്ങനെ ആയിരുന്നു.
അത് ചെയ്യണമെങ്കില്‍ രൂപകം എന്ന നിലയില്‍ ഒരുപാട് ദൃശ്യങ്ങള്‍ വേണമായിരുന്നു. ലഭ്യമായ ബജറ്റില്‍ പടം തീര്‍ക്കാന്‍ പറ്റില്ലായിരുന്നു. എങ്ങനെയെങ്കിലും വേണമെങ്കില്‍ തീര്‍ക്കാം. പക്ഷേ അങ്ങനെയെങ്കില്‍ ഞാന്‍ ആ വര്‍ക്കിനോട് ചെയ്യുന്ന ഒരു അനീതി ആയിരിക്കും. അതുകൊണ്ട് ഒഴിവായിപ്പോയതാണ്” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഷാജി എൻ കരുൺ ‘ഗാഥ’ സിനിമയെ കുറിച്ച് സംസാരിച്ചത്.
സിനിമ നടന്നിരുന്നെങ്കിൽ മോഹൻലാൽ എന്ന നടന്റെ പ്രതിഭ വിളിച്ചോതുന്ന മറ്റൊരു കലാസൃഷ്ടി കൂടി മലയാള സിനിമയിൽ പിറവിയെടുത്തേനെ!