കേരളത്തിൽ സ്‌പർദ്ധയുടെ ചരിത്രമുണ്ടായിട്ടില്ല; ഇവിടെയുള്ള ലെഫ്റ്റ് സത്യത്തിൽ റൈറ്റ് വിങ്ങാണ്; പ്രതികരണവുമായി മുരളി ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ എന്തുകൊണ്ടാണ് ബിജെപി അധികാരത്തിൽ വരാത്തത് എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

കേരളത്തിൽ സ്പർദ്ധയുടെ ചരിത്രമില്ലാത്തതുകൊണ്ടാണ് ബിജെപി അധികാരത്തിൽ വരാത്തത് എന്നാണ് മുരളി ഗോപി പറയുന്നത്. കൂടാതെ കേരളത്തിൽ ഇപ്പോഴുള്ള ലെഫ്റ്റ് വിങ് യഥാർത്ഥത്തിൽ റൈറ്റ് വിങ് ആണെന്നാണ് മുരളി ഗോപി പറയുന്നത്.

“കേരളത്തിൽ സ്‌പർദ്ധയുടെ ചരിത്രമുണ്ടായിട്ടില്ല. മത സംഘർഷങ്ങൾക്ക് അനുകൂലമായ സ്ഥലവുമല്ല ഇത്. അങ്ങനെയുള്ള സ്ഥലത്ത് എത്രത്തോളം ഈ വർഗീയത വിൽക്കാൻ നോക്കിയാലും വിൽക്കപ്പെടില്ല. ഹിന്ദു- മുസ്ലിം വിഭാഗീയത എത്ര കണ്ട് ഉണ്ടാക്കാൻ നോക്കിയാലും ഈ മണ്ണിൽ അത് വിലപ്പോകില്ല.

പക്ഷേ ഇതിനെപ്പറ്റി തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നാൽ അങ്ങനെയൊരു സംഘർഷം ഇവിടെയുണ്ടാക്കാൻ പറ്റും. അതാണ് ഏറ്റവും അപകടകരം. ഇപ്പോഴത്തെ അവസ്ഥയിൽ ആ സ്‌പർധ കൂടുന്നുണ്ട്. അതിനെ തടയാൻ ഇവിടെ ലെഫ്റ്റ് വിങ് ഉള്ളതുകൊണ്ടാണ് അതൊന്നും ഉണ്ടാകാതെയിരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഇപ്പോഴത്തെ അവസ്ഥയിൽ എൻ്റെ അഭിപ്രായത്തിൽ ഇവിടെയൊരു ലെഫ്റ്റ് വിങ് ഇല്ല. ഇപ്പോഴുള്ള ലെഫ്റ്റ് വിങ് എന്നു പറയുന്നത് സത്യത്തിൽ റൈറ്റ് വിങ്ങാണ്. മറ്റൊരു യൂണിറ്റിലുള്ള റൈറ്റ് വിങ്ങാണെന്നുള്ള വ്യത്യാസം മാത്രമേ ഉള്ളൂ. റൈറ്റ് വിങ്ങിൻ്റെ എല്ലാ ടെൻഡൻസിയും കാണിക്കുന്ന ലെഫ്റ്റ് വിങ്ങാണ് ഇവിടെയുള്ളത്.” എന്നാണ് ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിക്കവെ മുരളി ഗോപി പറഞ്ഞത്.

Read more