പുഴുവില്‍ പുതുതായി ഒന്നുമില്ല, എല്ലാവരും സ്വീകരിച്ചാല്‍ ഭയങ്കര ബോറായി പോകില്ലേ; തിരക്കഥാകൃത്ത് ഹര്‍ഷാദ്

പുഴുവില്‍ പുതുതായി ഒന്നും പറയുന്നില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹര്‍ഷാദ്. ഇന്ത്യയില്‍ ജനിക്കുന്ന ഒരാള്‍ കാണുന്നതും അനുഭവിക്കുന്നതും മാത്രമേ പുഴുവിലും ഉള്ളൂവെന്നും ചിലതൊക്കെ നാം കാണാന്‍ കൂട്ടാക്കാത്തതാണെന്നും മനോരമ ന്യൂസുമായുള്ള അഭിമുഖത്തില്‍ ഹര്‍ഷാദ് പറഞ്ഞു.

‘ഇന്ത്യയില്‍ ജനിക്കുന്ന ഒരാള്‍ കാണുന്നതും അനുഭവിക്കുന്നതും മാത്രമേ പുഴുവിലും ഉള്ളൂ. പുതിയതായി അതില്‍ ഒന്നുമില്ല. ചിലതൊക്കെ കാണാന്‍ നമ്മള്‍ കൂട്ടാക്കില്ല. അത് അങ്ങനെയാണെന്ന് തിരിച്ചറിയാന്‍ കൂട്ടാക്കില്ല. അത്തരം കാര്യങ്ങള്‍ ഒട്ടും അതിശയോക്തികളോ അതിഭാവുകത്വങ്ങളോ ഇല്ലാതെ പറഞ്ഞതുവെന്നത് കൊണ്ടാണ് പുഴു ഉള്ളില്‍ തൊടുന്നത്.’

‘റിലീസ് ചെയ്താല്‍ സിനിമ പ്രേക്ഷകരുടേതാണ്. നല്ലതോ ചീത്തയോ എന്ന് പറയാനുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുണ്ട്. എല്ലാവരും സ്വീകരിച്ചാല്‍ ഭയങ്കര ബോറായി പോകില്ലേ? ചിത്രത്തില്‍ പറഞ്ഞത് ശരിയല്ലെന്ന് ചിലര്‍ക്ക് തോന്നുന്നുണ്ടാകും. പറഞ്ഞ രീതി ശരിയല്ലെന്ന് തോന്നിയവരുണ്ടാകും അതിനെയെല്ലാം ഞാന്‍ അംഗീകരിക്കുന്നു. അതെല്ലാം സ്വാഗതാര്‍ഹമാണ്. ആളുകളുടെ കൈയിലാണ് ഇനി സിനിമ. അവര്‍ കാണുകയാണ്. ഏകാഭിപ്രായം ഒരു കലാസൃഷ്ടിക്കും ഉണ്ടാവില്ല’ ഹര്‍ഷാദ് പറഞ്ഞു.

Read more

മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പുഴു ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പിടി റത്തീന സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്.