വേള്‍ഡ് കപ്പ് അടിച്ചില്ലെങ്കിലും മെസ്സിയെ സംബന്ധിച്ച് സങ്കടപ്പെടാനൊന്നും ഇല്ലാട്ടൊ'; 'തല്ലുമാല'യെപ്പറ്റി ഷഹബാസ് അമന്‍

ടൊവിനോ തോമസ് ‘തല്ലുമാലയെ കുറിച്ച് ഗായകന്‍ ഷഹബാസ് അമന്‍. ഫുട്ബോള്‍ കളിയിലെ താരങ്ങളെയും കളി നിയമങ്ങളെയും തല്ലുമാലയോട് താരതമ്യം ചെയ്തുകൊണ്ടാണ് ഷഹബാസ് അമന്റെ കുറിപ്പ്. മണവാളന്‍ വസീം എന്ന ടൊവിനോ കഥാപാത്രത്തെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയോട് ഉപമിച്ചാണ് ഷഹബാസ് അമന്‍ പറയുന്നത്.

ഷഹബാസ് അമന്റെ കുറിപ്പ്

സ്വാതി ദാസ് പ്രഭുവിന്റെ സത്താറിനെ നോക്കൂ! സുവാരസ് ആണയാള്‍. തല്ലുമാല എന്ന പോളിറ്റിക്കല്‍ ഫാഷനബിള്‍ ‘മെലടി’ എല്‍ ക്ലാസിക്കോ ത്രില്ലറിന്റെ 90 മിനിട്ടിലും എക്സ്ട്രാ ടൈമിലും ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലും മെസ്സിക്കൊപ്പം(വസീം-ടോവിനോ) തിളങ്ങുന്നുണ്ടയാള്‍. തല്ലുമാലക്ക് ഒരു സ്പെഷ്യല്‍ ബോഡിലാംഗേജ് ഉണ്ട്. അത് ഡ്രിബ്ലിംഗും റാപ്പിംഗും കൂടി കലര്‍ന്നതാണു. അതാണു സത്താര്‍. സെര്‍ജ്ജിയോ അഗ്യൂറോ ( വികാസ് അദ്രി ജോ) ജൂലിയന്‍ അല്‍വാരസ് (രാജേഷ് ഓസ്ടിന്‍ ഡാന്‍) എന്നിവരും അതി ഗംഭീരമായി കളിച്ചു. റംഷിയും വസീമും തമ്മിലുള്ള ബന്ധം വരുമ്പോള്‍ കോപ്പ അമേരിക്ക യൂറോപ്യന്‍ ക്ലബ് മത്സരമായും അര്‍ജ്ജന്റീന ബാര്‍സ്സയായുമൊക്കെ സര്‍ റിയലിറ്റിക് ആയി രൂപാന്തരപ്പെടുന്നത് രസകരമാണ്. എപ്പിസോഡുകള്‍ക്കുള്ളിലെ എപ്പിസോഡുകളാണത്. ലുക്മാന്‍ ശരിക്കും നെയ്മറാണു.

കളിയെക്കുറിച്ച് പറയുകയാണെങ്കില്‍ പൊരിഞ്ഞ കളി. പക്ഷേ ആ പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ ആവശ്യം വാസ്തവത്തില്‍ ഈ കളിയില്‍ ഉണ്ടായിരുന്നില്ല. മുഴുവന്‍ സമയ പെരും കളിയില്‍ കട്ട ടീമുകള്‍ അവസാന നിമിഷം 55 നു സമനില പാലിച്ചപ്പോള്‍ (ഫൈനല്‍ ആയത് കൊണ്ട്) എക്സ്ട്രാ ടൈം ഉറപ്പായി. ടെന്‍ഷനായി. എക്സ്ട്രാ ടൈമിന്റെ ആവേശകരമായ രണ്ട് പാതികള്‍. എന്നാല്‍ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ അവസാന നിമിഷം മെസ്സി (മണവാളന്‍ വസീം) തന്റെ ഇടം കാല്‍ കൊണ്ട് സുന്ദരമായി നെറ്റിലേക്ക് ചെത്തിക്കോരിയിട്ട വിജയ ഗോള്‍ റഫറി മാത്രം കണ്ടില്ല എന്നോ. ടിവി സ്‌ക്രീനും തന്നില്ല ക്ലാരിറ്റി. കഷ്ടം! ഫലമോ? ഒരു ആവശ്യവുമില്ലാത്ത ടൈ ബ്രേക്കര്‍. ആരാധകര്‍ക്ക് ശാന്തരായിരിക്കാന്‍ പറ്റുമോ? പെനാല്‍റ്റിയെങ്കില്‍ പെനാല്‍റ്റി. പക്ഷെ പിന്നെ പെനാല്‍ട്ടിയോ കപ്പടിയോ കാണിക്കുന്നില്ല. പകരം കാണുന്നത് മെസ്സിയും സി ആര്‍ സെവനും ഒന്നിച്ചൊരേ ടീമില്‍ വരുന്നതാണ്. ഒരു പക്ഷേ അത് അടുത്ത സീസണില്‍ സംഭവിച്ചതാവാം. എന്നാലും അത് ശരിയായ എല്‍ ക്ലാസിക്കോ മാച്ച് ആരാധകരെ ഉജ്വലമായി കബളിപ്പിക്കും പോലത്തെ ഒരു നടപടിയായിപ്പോയി. ടൂര്‍ണ്ണ്മന്റ് കമ്മറ്റിയെ പറഞ്ഞിട്ടും കാര്യമില്ല. ഇത് എവിടേങ്കിലും കൊണ്ടോയി ഇടിച്ച് നിര്‍ത്തണ്ടേ.

മെസ്സിയും റൊണാള്‍ഡോയും ഒരു ടീമില്‍ ഉടനെ കളിച്ചുകാണുക എന്നതിനേക്കാള്‍ അവര്‍ തങ്ങളുടെ വസന്ത കാലത്ത് എപ്പോഴെങ്കിലും ഒന്നിക്കുമോ എന്ന അനിശ്ചിതത്വം നിറഞ്ഞ ആവേശച്ചിന്തയില്‍ മാത്രമാണു കളിയാധാകരുടെ യഥാര്‍ത്ഥ കിക്ക് ഇരിക്കുന്നത്. അല്ലാതെ,അതിന്റെ പൊടുന്നനവേയുള്ള റിയലൈസേഷനിലല്ല. ഇനി അവരൊന്നിച്ചാല്‍ത്തന്നെ അത് നിലവിലുള്ള മുന്‍നിരലൈനപ്പിനെ ( വസീം റെംഷി സത്താര്‍ രാജേഷ് വികാസ് ) അപേക്ഷിച്ച് എങ്ങനെയാണു കൂടുതല്‍ ബലം കുറഞ്ഞതാകുക എന്നതിന്റെ വ്യക്തമായ തെളിവും ട്രെയിലറും കൂടിയാണ് ‘തല്ലുമാല’യുടെ അവസാനം (പറയണ്ട എന്ന് വെച്ചതാണ്, എന്നാലും ബാര്‍സ്സ റയല്‍ പി എസ് ജി ടീംത്രയങ്ങളുടെ ശ്രദ്ധ പതിയാന്‍ വേണ്ടി ഇക്കാര്യം ഇവിടെ ഒന്ന് പ്രത്യേകം സൂചിപ്പിക്കുന്നതാണു നല്ലത് എന്ന് തോന്നി. അത് കൊണ്ടാണു. ക്ഷമിക്കുമല്ലൊ. ചില ആവേശങ്ങള്‍ പെട്ടെന്ന് നടപ്പിലാക്കി നശിപ്പിക്കാനുള്ളതല്ല)മുഹ്സിന്‍ പരാരി എന്ന ‘ലയണല്‍ മെസ്സി’ തല്ലുമാലയിലൂടെ കോപ അമേരിക്ക വിജയകപ്പ് ഉയര്‍ത്തിപ്പിടിച്ച് അതില്‍ മുത്തുമ്പോള്‍ പഴയ പരാജയങ്ങളുടെ കയ്പും സ്വകാര്യ ജീവിതത്തിലെ പരിഹാസപ്രഹരങ്ങളുടെ വേദനകളുമെല്ലാം അയാള്‍ ഏകപക്ഷീയമായി മറി കടക്കുന്നതായി തോന്നി. പെര്‍സണല്‍ ഈസ് പൊളിറ്റിക്കല്‍ എന്ന യോനറില്‍ ആണു കളി മുഴുനീളം മുരി കൊണ്ട് പോയതെങ്കിലും ഡി മരിയയും (അഷ്റഫ് ഹംസ) എമിലിയാനോ മാര്‍ട്ടിനെസ്സും ( വിഷ്ണു വിജയ്) കട്ടക്ക് കൂടെ നിന്നില്ലായിരുന്നുവെങ്കില്‍ ഉറപ്പായിട്ടും ഈ വിജയം മെസ്സിയെ സംബന്ധിച്ച് സാധ്യമോ എളുപ്പമോ ആകുമായിരുന്നില്ല. പ്രത്യേകിച്ചും മ്യൂസിക്കലി നോക്കിയാല്‍ മാര്‍ട്ടിനസ്സിന്റെ (വിഷ്ണു) ചില അപാര സേവുകളുണ്ട് തല്ലുമാലയില്‍. കളിക്കളത്തിനു പുറത്തേക്കും ആയുസ്സുള്ളത്. അത് നന്ദിയോടെ ഓര്‍ക്കുക എന്നത് പക്ഷേ, മെസ്സിയുടെ മാത്രം ബാധ്യതയാണ്. സാധാരണ കളിയാരാധകരെ സംബന്ധിച്ച് മെസ്സിയായിരിക്കും എക്കാലത്തും താരം.പെപ് ഗാര്‍ഡിയോള ( ഖാലിദ് റഹ്‌മാന്‍ ) നെയ്മര്‍ ജൂനിയര്‍ ( ജിംഷി ഖാലിദ്) എന്നിവര്‍ കൂടെയുള്ളപ്പോള്‍ ഏറ്റവും പൊലിവുള്ള ഒരു മെസ്സിയെ കളിയാരാധകര്‍ കണ്ടു എന്നതാണു തല്ലുമാലയുടെ ചരിത്രപരമായ അവശേഷിപ്പ്. അത് പോരെ മച്ചാനേ?, പറഞ്ഞാല്‍ ഒരിക്കലും പിടുത്തം കിട്ടാത്ത ഈ സിനിമ എടുക്കാന്‍ ധൈര്യം കാണിച്ചതിനു പ്രൊഡ്യൂസര്‍ ആഷിഖ് ഉസ്മാന് ഹൃദയാനുമോദനങ്ങള്‍. ഗോള്‍ ‘അടിക്കാരനായ’ വസീമിന്റെ ഹെയര്‍ കട്ടുകള്‍ പഴയതും പുതിയതുമായ മെസ്സിയുടേതിനു ഏകദേശം സമാനമായത് യാദൃശ്ചികമാണെങ്കില്‍ ,അല്ല.ബീപാത്തു ‘മെസ്സിക്കുള്ള’ ഇന്റര്‍ന്നാഷണല്‍ കളിക്കളമാണ്. വേള്‍ഡ് കപ്പ് മാച്ച് എന്ന് തന്നെ കൂട്ടിക്കോ! വലിപ്പം കുറച്ച് കാണുന്നില്ല. മെസ്സി പതറുന്ന ഏക കളിക്കളവും അതാണല്ലൊ. ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ ഇല്ലെങ്കില്‍ മെസ്സി ഇല്ല എന്ന കാര്യം ശരി വെക്കുന്നതോടൊപ്പം മെസ്സി ഇല്ലാത്ത കളി ഇന്റര്‍നാഷണലാണോ എന്നും മെസ്സി ഇല്ലാതെ എന്ത് നീ എന്നും കൂടി അയാള്‍ തന്റെ സ്റ്റേറ്റ്മെന്റിനു ത്രിമാനം കല്‍പ്പിക്കുന്നുണ്ട്. ‘തൂ പാത്തു’ ആണു മൊഹ്സ്ന്റെ ശരിയായ പെണ്ണാണ്‍ പൊളിറ്റിക്സ് എന്ന് ഇതില്‍ നിന്നും വ്യക്തമാണു. വേള്‍ഡ് കപ്പ് അടിക്കാതെ മെസ്സി ‘കളിക്കളം’ വിടില്ല എന്ന് വരാനിരിക്കുന്ന വേള്‍ഡ് കപ്പ് ഫൈനല്‍ മാച്ചിനോട് സലാം പറഞ്ഞു കൊണ്ടാണല്ലൊ അയാള്‍ തല്‍ക്കാലത്തേക്ക് പിരിഞ്ഞിരിക്കുന്നത് (പാത്തു വരുന്നത് ഖത്തറില്‍ നിന്നും ആയിരുന്നെങ്കില്‍ പൊളിച്ചേനെ)ഇനി വേള്‍ഡ് കപ്പ് അടിച്ചില്ലെങ്കിലും മെസ്സിയെ സംബന്ധിച്ച് സങ്കടപ്പെടാനൊന്നും ഇല്ല ട്ടൊ. എല്ലാ സങ്കടങ്ങളും ഈ ‘കോപ്പക്കപ്പില്‍’ ഇറക്കി വെച്ചിട്ടുണ്ട്. ഞിജ്ണ്ടാക്കിക്കോ , ഒച്ചണ്ടാക്കിക്കോ ആണു തല്ലുമാലയിലെ ഏറ്റവും ആവേശകരമായ മാച്ച്. കാര്‍ലോസ് സോറയുടെ എസ്പാന ഫ്ലെമിംഗോ മല്‍സര ഫ്ളോറുകളെ ഒരു നിമിഷം ഓര്‍പ്പിക്കാന്‍ ആ പാട്ട് രംഗത്തിനു കഴിഞ്ഞു എന്നത് ചില്ലറക്കാര്യമല്ല. ബ്രാവോ ലയണല്‍ മെസ്സി & എമിലിയാനോ മാര്‍ട്ടിനെസ് ( വിഷ്ണു വിജയ്) ഇങ്ങള്‍ ണ്ടാക്കിക്കോളി, പാട്ട്ണ്ടാക്കിക്കോളി. ചുരുക്കിപ്പറഞ്ഞാല്‍ മലപ്പുറം കണ്ണൂര്‍ കോഴിക്കോട് കാസര്‍ക്കോട് ബാഗത്തെ സില്‍മാ സെവന്‍സ് കളിക്കാറുടെ കൊച്ചിന്‍ യൂറോക്ലബ്ബുകളിലേക്കുള്ള പ്രൊഫഷണല്‍ ട്രാന്‍സ്ഫറാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സംഗീത/സിനിമാ രംഗത്തുണ്ടായ ഏറ്റവും മുന്തിയ നീക്കിവെപ്പ്. ഉദാഹരണത്തിന് മുഴുവന്‍ കളി സമയത്തും കരക്കിരുന്ന മണവാളന്‍ തഗ് എന്ന ഡെബ്സീ ട്രാക്ക് ആണു സിനിമ കഴിയുമ്പോള്‍ അടുത്ത കളിയിലേക്കുള്ള പ്രതീക്ഷ ബാക്കിയാക്കി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നത്! എസി മിലാന്‍, ബര്‍സ്സലോണ , റയല്‍ മാഡ്രിഡ് , ബയേണ്‍ മ്യൂണിക്, പി എസ് ജി, മാഞ്ചസ്റ്റര്‍ തുടങ്ങിയ പല ക്ലബ് ടീമുകളുടെയും ആഭ്യന്തര കളിക്കളങ്ങളില്‍ പോയാല്‍ കാണാം വരാനിരിക്കുന്ന മികച്ച കളികളുടെയും കളിക്കാരുടെയും അലാമത്തുകള്‍ നന്ദി അപ്പൊ ശരി. തല്ല്മാല കണ്ട്ട്ട് റിവ്യു ഇട്ടില്ലാന്ന് ഞി ആരും പറീലല്ലൊ. എല്ലാവരോടും സ്നേഹം.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത