ഫെഫ്കയിലെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന വനിതാ തൊഴിലാളികള്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതിനാണ് ഇവര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതെന്ന് റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ്, പിണറായി വിജയന്‍, സിപിഎം നേതാവ് കെ.കെ ശൈലജ എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.
ഹെയര്‍ സ്‌റ്റൈലിസ്റ്റുകളായ മൂന്ന് പേരാണ് ഫെഫ്കയ്ക്ക് മുന്നില്‍ സമരം ചെയ്യുന്നത്. ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്ത ഓള്‍ കേരളാ സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ്സ് യൂണിയന്റെ കൊച്ചിയിലെ ഓഫീസിന് മുന്നിലാണ് ഇവരുടെ സമരം. സമരത്തിന്റെ ചിത്രങ്ങളടക്കം പങ്കുവച്ചു കൊണ്ടാണ് റിമ കുറിപ്പ്.
”മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍, ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായവര്‍. ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും മേക്കപ്പ് മേധാവിമാരില്‍ നിന്ന് സ്വതന്ത്രരാകാനും മേക്കപ്പ് മേധാവിമാരായി ജോലി ചെയ്യാനും അതിക്രമങ്ങളില്ലാത്ത സുരക്ഷിതമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനുമെല്ലാമുള്ള അവകാശം ചോദിക്കുന്നു.”
View this post on Instagram
”എന്നാല്‍ ശബ്ദമുയര്‍ത്തിയതിന് ഇവര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഉറക്കെ സംസാരിച്ചതിന് മാറ്റിനിര്‍ത്തപ്പെട്ടു. കമ്യൂണിസ്റ്റ് കേരളത്തിലെ 2025-ലെ വനിതാ തൊഴിലാളികളാണ് ഇവര്‍” എന്നാണ് റിമ കുറിച്ചിരിക്കുന്നത്. അതേസമയം, ബി. ഉണ്ണികൃഷ്ണന്‍, പ്രദീപ് രംഗന്‍ എന്നിവര്‍ രാജിവെക്കുക, സിനിമാ തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുക, ഹെയര്‍ സ്റ്റൈലിസ്റ്റുകളെ സ്വതന്ത്രരാക്കുക എന്നീ ആവശ്യങ്ങളുമായാണ് ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ സമരം ചെയ്യുന്നത്.