ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്: പത്തൊൻപതാം നൂറ്റാണ്ട് ഫ്ലോപ്പ് എന്ന വ്യാജ പ്രചാരണത്തിന് എതിരെ പ്രതികരിച്ച് വിനയൻ

മലയാള സിനിമയിലെ നിർമാതാക്കളുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രൊഫൈലിനെതിരെ സംവിധായകൻ വിനയൻ. ഇങ്ങനൊരു ഫെയ്സ്ബുക്ക് പേജ് നിർമാതാക്കൾക്കില്ലെന്നും നല്ല സിനിമകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ വ്യാജനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ റിലീസ് ചെയ്ത മുഴുവൻ സിനിമകളും പരാജയമായിരുന്നെന്നാണ്  വ്യജ അക്കൗണ്ടിലൂടെ പ്രചരിച്ചത്. എന്നാൽ ഇത് തെറ്റാണെന്നും ഇങ്ങനെ ഒരു ഫെയ്സ്ബുക്ക് പേജ് നിർമാതാക്കൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുന്നൂറിലധികം തിയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നൂറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.

ഇങ്ങനൊരു ഫെയ്സ്ബുക്ക് പേജ് പ്രൊഡ്യൂസേഴ്സിനില്ല. ഈ വ്യാജൻമാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ്  തന്നോട് സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Read more

‘നല്ലൊരു സിനിമയേ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ. അയാളോടായി പറയുകയാണ്, ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്. താങ്കളാപേരിന് അർഹനാണ്. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി.. നിങ്ങളുടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രമെന്നും’ വിനയൻ പറഞ്ഞു.