'ഈ പണി നിര്‍ത്തി പോടാ എന്ന് പലരും പറയുന്നുണ്ട്, എന്റെ ജീവിതം അടിമുടി സിനിമയാണ്'; പ്രതികരിച്ച് തുറമുഖം നിര്‍മ്മാതാവ്

‘തുറമുഖം’ സിനിമയുടെ റിലീസ് പലതവണ നീട്ടി വയ്ക്കാന്‍ കാരണം ചിത്രത്തിന്റെ നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് ആണെന്ന് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ നിവിന്‍ പോളി തുറന്നു പറഞ്ഞിരുന്നു. ഒരുപാട് നിയമകുരുക്കുകള്‍ അഴിച്ചെടുത്താണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് ലിസ്റ്റിന്‍ സ്റ്റീഫനും പ്രതികരിച്ചിരുന്നു. ഈ വാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുകുമാര്‍ തെക്കേപ്പാട്ട്. താന്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ചാണ് സുകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സുകുമാര്‍ തെക്കേപ്പാട്ടിന്റെ കുറിപ്പ്:

തുറമുഖം സിനിമ നിങ്ങള്‍ക്കറിയാവുന്നതു പോലെ ഇന്ന് നിങ്ങള്‍ക്ക് മുമ്പിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. എല്ലാവരും തിയേറ്ററില്‍ തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടന്‍ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് തുറമുഖം എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസങ്ങളുടെയും ഒറ്റപെടലിന്റെയും വേദന അങ്ങേയറ്റം ഞാന്‍ കഴിഞ്ഞ നാലു വര്‍ഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്.

പല പ്രാവശ്യം സിനിമ റിലീസിന് തയ്യാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതില്‍ സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ ഉണ്ടായിരുന്നു എന്നും അവര്‍ അതിന് അപ്പോഴെല്ലാം ബോധപൂര്‍വ്വം തടസ്സം നിന്നു എന്ന് തന്നെ പറയേണ്ടിവരും. ഞാന്‍ ആര്‍ജ്ജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോള്‍ ആരുടെയും പേരെടുത്ത് പറയുന്നില്ല. ഓരോ ഘട്ടത്തിലും ട്രെയ്‌ലറിന്റെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെയും താഴെ തനിക്ക് സിനിമ നിര്‍മ്മിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കില്‍ ഈ പണി നിര്‍ത്തി പോടാ എന്ന് പല തരം ഭാഷകളില്‍ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ.

എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസില്‍ കിടന്നുറങ്ങാന്‍ ഇടമില്ലാത്ത കാലത്ത് സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാന്‍ പോലും പൈസയില്ലാതെ പഴയൊരു സ്പ്ലെണ്ടര്‍ ബൈക്കുമായി സിനിമയുടെ എക്‌സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയില്‍ ഞാന്‍ പരമാവധി ആളുകളെ സഹായിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികള്‍ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാന്‍ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോള്‍ പലര്‍ക്കും കൊടുക്കാനുള്ള പൈസ കൊടുക്കാന്‍ ആവാത്ത സാഹചര്യത്തില്‍ ചില ചെറിയ കള്ളങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കല്‍ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്.

വേദനയുടെ വല്ലാത്ത തീച്ചൂളയില്‍ നിന്ന് കാലും കൈയ്യും വെന്തുരുകുമ്പോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേര്‍ത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത് പറയുന്നില്ല. അവരോട് നന്ദി പറയാന്‍ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയില്‍ തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ. തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി സുകുമാര്‍ തെക്കേപ്പാട്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം