നല്ല കാശ് ചോദിക്കാൻ സുരാജ് പറഞ്ഞു, ഞാൻ നാലിരട്ടി ചോദിച്ചു, എ. ആർ റഹ്മാൻ ഒക്കെയാണ് അന്ന് വന്നത്: ടിനി ടോം

തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിലെ ഒരു അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടനും മിമിക്രി താരവുമായ ടിനി ടോം.

ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അല്ലു അർജുൻ കുടുംബസമേതം വന്നിരുന്നെന്നും എ. ആർ റഹ്മാനെ കൊണ്ട് മലയാളികളായ നാദിർഷ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൌബിൻ ഷാഹിർ എന്നിവർക്ക് അവാർഡ് കൊടുപ്പിക്കാൻ കഴിഞ്ഞെന്നും ടിനി ടോം പറയുന്നു.

“മുൻപ് സുരാജിനെ ആങ്കർ ആയി അവർ വിളിച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് നീ നല്ല കാശ് പറഞ്ഞോ, ഞാൻ കൂടുതൽ കാശ് പറഞ്ഞിട്ടുണ്ട് അത് എന്നെ വിളിക്കാതിരിക്കാനാണെന്ന് സുരാജ് പറഞ്ഞത്. അതെന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ അവിടെ ചെന്നാൽ വേറെ ഭാഷ പറയണം വലിയ പ്രശ്ന‌മാണെന്നൊക്കെ പറഞ്ഞു. ഞാനൊന്നും ഇല്ല നീ പോയ്‌ക്കോ നല്ല കാശ് പറഞ്ഞോ എന്നും പറഞ്ഞു.

അങ്ങനെ ഞാൻ ഇവിടെ പറയുന്നതിൻ്റെ നാലിരട്ടി പ്രതിഫലം പറഞ്ഞു. അതെനിക്ക് കിട്ടി. അവിടുത്തെ അവാർഡ് ഒരു അനുഭവമായിരുന്നു. നമ്മൾ മലയാളത്തിൽ നിന്നുള്ളവർക്കുള്ള അവാർഡാണ് അവിടെ അനൗൺസ് ചെയ്യേണ്ടത്. സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിലെ അവാർഡുകൾ അനൗൺസ് ചെയ്യുന്നത് റാണ ദഗുബട്ടിയാണ്. മലയാളത്തിൽ നിന്ന് ഞാനും പേളി മാണിയുമാണ്.

മലയാളത്തിൽ നിന്ന് അവാർഡിനായി ആരെ വിളിച്ചാലും വരാറില്ലെന്നാണ് സംഘാടകർ പറഞ്ഞത്. മലയാളത്തിൽ നിന്ന് അവാർഡ് കൊടുക്കാൻ ആരെയെങ്കിലും കൊണ്ടുവരണമെന്നും അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. അവർ വിളിക്കുന്നവരൊന്നും വരാൻ തയ്യാറാകുന്നില്ല എന്നാണ് പറഞ്ഞത്.
അങ്ങനെ എനിക്ക് പരിചയമുള്ള ചിലരെ ഞാൻ വിളിച്ചുവരുത്തി. അതിൽ ഒന്ന് സൗബിൻ ആയിരുന്നു. മറ്റൊരാൾ വിനായകൻ, പിന്നെ ബിപിൻ, വിഷ്‌. അവർ ഇതിന് മുൻപ് ഇത്തരം പരിപാടിയ്ക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. പിന്നെ നാദിർഷ അങ്ങനെ എനിക്ക് പരിചയമുള്ള ഇവരെയൊക്കെ ഞാൻ വിളിച്ചു.

നമ്മൾ തന്നെയാണ് അവാർഡ് തീരുമാനിക്കുന്നത്. മികച്ച നടൻ സൗബിൻ, രണ്ടാമത്തെ നടനായി വിനായകന് കൊടുത്തോ, ഓക്കെ. മികച്ച സപ്പോർട്ടിങ് ആക്ട‌ർ ബിപിൻ ആൻഡ് വിഷ്‌. നാദിർഷയ്ക്ക് ഇന്ന അവാർഡ്. അങ്ങനെ നമ്മൾ തന്നെ അവാർഡൊക്കെ എഴുതുകയാണ്.
അവിടുത്തേത് വലിയ അവാർഡാണ്. അല്ലു അർജുനും നാഗർജുനയുമൊക്കെ കുടുംബമായി വരികയാണ്. ഇവരുടെയൊക്കെ അളിയനും മരുമകനുമൊക്കെയാണ് അവാർഡ്. അവർ അത് ആഘോഷമാക്കി എടുത്തിരിക്കുകയാണ്.

അങ്ങനെ നിൽക്കുമ്പോൾ എ.ആർ റഹ്‌മാൻ സാർ വേദിയിലേക്ക് വരുന്നു. ഞാൻ അത്ഭുതത്തോടെ അദ്ദേഹത്തെ ഇങ്ങനെ നോക്കി നിൽക്കുകയാണ്. അടുത്ത അവാർഡ് നാദിർഷയ്ക്ക് ആണ് കൊടുക്കേണ്ടത്. റഹ്‌മാൻ സാറാണ് അവാർഡ് തരുന്നത് എന്നറിഞ്ഞപ്പോഴേക്കും നാദിർഷ ആകെ വല്ലാതായി, എന്താ ഞാൻ പറയേണ്ടത് എന്നൊക്കെ ചോദിച്ച് ടെൻഷനടിച്ചു നിൽക്കുകയാണ്.
ഹൂ ഈസ് ദിസ് ഗയ്, നാദിർഷയെ നോക്കി റഹ്‌മാൻ സാർ എന്നോട് ചോദിച്ചു. ഹി ഈസ് ആൻ ആക്‌ടർ, ഡയറക്‌ടർ, മ്യൂസിക് ഡയറക്‌ടർ, സിംഗർ എന്നൊക്കെ ഞാൻ പറഞ്ഞു.

റഹ്‌മാൻ ലോകത്ത് ഇങ്ങനെ ഒരു മനുഷ്യനെ കണ്ടിട്ടില്ല. അദ്ദേഹം നാദിർഷയെ ഇങ്ങനെ തൊഴുതു. സർ എന്നൊക്കെയാണ് പുള്ളി നാദിർഷിക്കയെ വിളിക്കുന്നത്. അങ്ങനെ ആ അവാർഡ് കൊടുത്തു.
ഇതിനിടെ അവാർഡ് വേദിയിലേക്ക് വിനായകനും സൗബിനും വന്നപ്പോൾ സെക്യൂരിറ്റി അവരെ തടഞ്ഞു. മലയാള നടന്മാർ എന്ന് പറഞ്ഞപ്പോൾ കയറ്റി വിട്ടില്ല. അവർ ആ കലിപ്പിലാണ്. ഒടുവിൽ അവർ മുന്നിൽ വന്നിരുന്നു. സൗബിന് അവാർഡ് കൊടുക്കേണ്ട സമയമായപ്പോൾ ഞാൻ സൗബിനെ സ്റ്റേജിൽ വിളിച്ചു.

സൗബിൻ സ്റ്റേജിൽ കയറിയിട്ട്, ഇവിടെ വരുന്നതുവരെ ബുദ്ധിമുട്ടുണ്ടായിരുന്നില്ല, എന്നാൽ അകത്തേക്ക് കയറാനായിരുന്നു ബുദ്ധിമുട്ട്. അത്രയ്ക്ക് വലിയ സെക്യൂരിറ്റിയായിരുന്നു എന്നൊക്കെ പറഞ്ഞു. അടുത്ത അവാർഡ് സൗബിന് കൊടുക്കുന്നത് എ.ആർ റഹ്‌മാൻ സാർ ആണ് എന്ന് ഞാൻ അനൗൺസ് ചെയ്‌തു. അതിന് ശേഷം സൗബിൻ പറഞ്ഞത് കേട്ടിട്ട് ഞാൻ അവിടെ നിന്നും ഓടിക്കളഞ്ഞു.
വേറെ ഒന്നുമല്ല, ഞാൻ ആദ്യമായിട്ടാണ് ഒരാൾ എ.ആർ. റഹ്‌മാനെ ഈ രീതിയിൽ അഭിസംബോധന ചെയ്യുന്നത് കേൾക്കുന്നത്. സൗബിൻ മലയാളത്തിലാണ് പറഞ്ഞത്. ‘എനിക്ക് ഈ അവാർഡ് തന്ന റഹ്‌മാനിക്കയ്ക്ക് പ്രത്യേക നന്ദി’ എന്നായിരുന്നു സൗബിൻ്റെ വാക്കുകൾ.

എ.ആർ റഹ്‌മാൻ സാറിനെ റഹ്‌മാനിക്ക എന്ന് അഭിസംബോധന ചെയ്ത ലോകത്തെ ഒരേയൊരാൾ സൗബിൻ ആയിരിക്കും. പുള്ളി വളരെ നാച്ചുറലായി പറഞ്ഞതാണ്.
പിന്നെ നമ്മൾ മലയാളികൾ അങ്ങനെയാണ്. അതാണ് നമ്മൾ മലയാളികളുടെ ധൈര്യം. നമ്മൾ എന്താണോ അത് പുറത്തുകാണിക്കാൻ ധൈര്യമുള്ളവരാണ്.
പിന്നെ അവർ നമ്മളെ കാണുന്നത് വലിയ ബഹുമാനത്തോടെയാണ്. റിയൽ ആണ് നമ്മൾ എന്നാണ് അവർ പറയുന്നത്. പക്ഷേ ഇവിടെ നിന്ന് പലരും അവിടെ അവാർഡ് വാങ്ങാൻ ചെന്നെത്താറില്ല. അത് എന്തോ കുറച്ചിൽ പോലെയാണ് പലർക്കും.

പിന്നെ റഹ്‌മാൻ സാറിനെ കൊണ്ട് ബിപിൻ, വിഷ്ണു അടക്കമുള്ളവർക്ക് ഒരു അവാർഡ് കൊടുപ്പിക്കാൻ സാധിച്ചു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇപ്പോഴും എനിക്ക് റഹ്‌മാൻ സാറിനെ കാണുമ്പോൾ സൗബിന്റെ ആ റഹ്‌മാനിക്കാ എന്ന വിളി ഓർമ വരും. ആ വിളിയിൽ ഒരു ബന്ധമുണ്ട് ഒരു അടുപ്പമുണ്ട്. അത് മറ്റൊരു വിളിയിലും ചിലപ്പോൾ കിട്ടില്ല.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം പറഞ്ഞത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?