മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സുപരിചിതയാണ് നടി ബീന ആന്റണി. നടന്‍ ടിനി ടോം തന്നെ കാണുമ്പോള്‍ മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് ഷോയിലാണ് നടി സംസാരിച്ചത്.
ടിനി ടോം കാണുമ്പോഴെല്ലാം തന്നെ മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ടിനി ടോം അങ്ങനെ പറയുന്നത് കേട്ട് വീട്ടില്‍ വന്ന് കഴിയുമ്പോള്‍ മനോജ് കളിയാക്കും. ആരോ ഒരിക്കല്‍ മഞ്ജുവിനോടും ഇത്തരത്തില്‍ മലയാള സിനിമയിലെ ബീന ആന്റണിയാണ് എന്ന് പറഞ്ഞുവെന്ന് കേട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള വിശേഷണങ്ങളെല്ലാം സന്തോഷം തരുന്നവയാണ് എന്നാണ് ബീന ആന്റണി പറയുന്നത്. അതേസമയം, ബിഗ് ബോസ് നടക്കുന്ന സമയത്ത് രജിത്ത് കുമാറിനെ പുറത്താക്കിയപ്പോള്‍ ഷോയെ വിമര്‍ശിച്ച് പ്രതികരിച്ചത് ഒരു എടുത്ത് ചാട്ടമായിരുന്നുവെന്നും ബീന പറയുന്നു.
എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമാണ് മനോജിന്. അന്ന് നാക്ക് പിഴച്ചാണ് ഇനി ചാനലും കാണില്ലെന്ന് പറഞ്ഞത്. പറഞ്ഞ ശേഷമാണ് പിടിവിട്ട് പോയി എന്ന് മനസിലായത്. അന്ന് താനും മനോജും ഏഷ്യാനെറ്റിലെ രണ്ട് സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ അഭിനയിക്കുന്ന സമയമായിരുന്നു.
അന്ന് മനോജ് പറയുമ്പോള്‍ താന്‍ അരികില്‍ നിന്ന് തട്ടുന്നുണ്ടായിരുന്നു. അപ്പോഴേക്കും മനോജ് എല്ലാം പറഞ്ഞ് കഴിഞ്ഞിരുന്നു. അങ്ങനെയൊക്കെ ചിലത് വെട്ടിത്തുറന്ന് പറയലിന്റെ ഭാഗമായി മനോജിന് സംഭവിച്ചിട്ടുണ്ടെന്ന് ബീന പറഞ്ഞു.