സ്‌ക്രീനിൽ സൈനിക നായകനായി വർഷങ്ങളോളം അഭിനയിച്ച ടോം ക്രൂസ് ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും സൈനീകനാകുന്നു. ചൊവ്വാഴ്ച ലണ്ടനിൽ നടന്ന ചടങ്ങിൽ “ടോപ്പ് ഗൺ” താരത്തെ ഡിപ്പാർട്ട്മെൻ്റ് ഓഫ് നേവി ഡിസ്റ്റിംഗ്വിഷ്ഡ് പബ്ലിക് സർവീസ് (ഡിപിഎസ്) അവാർഡ് നൽകി ആദരിച്ചു. ഇത് തൻ്റെ ചലച്ചിത്ര പ്രവർത്തനത്തിലൂടെ യുഎസ് നാവികസേനയ്ക്കുള്ള ക്രൂസിൻ്റെ സംഭാവനയും അർപ്പണബോധവും അംഗീകരിച്ചുള്ളതാണ്.
നാവികസേനാ വകുപ്പിന് പുറത്തുള്ള ഒരാൾക്ക് ലഭിക്കാവുന്ന നാവികസേനയുടെ പരമോന്നത ബഹുമതിയാണ് പുരസ്‌കാരമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. നാവികസേനാ സെക്രട്ടറി കാർലോസ് ഡെൽ ടോറോ ക്രൂസിന് അവാർഡ് സമ്മാനിച്ചു. “ഞങ്ങളുടെ നാവികസേനയിലും മറൈൻ കോർപ്‌സിലും സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിൻ്റെ പ്രവർത്തനം തലമുറകളെ പ്രചോദിപ്പിച്ചു.” പ്രസ്താവനയിൽ പറഞ്ഞു.
“സിനിമാ വ്യവസായത്തിലെ ക്രൂസിൻ്റെ ശ്രമങ്ങൾ നാവികസേനയുടെ ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരോടും യൂണിഫോമിലായിരിക്കുമ്പോൾ അവർ ചെയ്യുന്ന ത്യാഗങ്ങളോടും പൊതുജന അവബോധവും വിലമതിപ്പും വർദ്ധിപ്പിച്ചു.” പ്രസ്താവന കൂട്ടിച്ചേർക്കുന്നു. “ഇന്ന് സേവിക്കുന്ന അല്ലെങ്കിൽ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള പല നാവികർക്കും പ്രചോദനത്തിൻ്റെ ഉറവിടമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ” ക്രൂസ് പറഞ്ഞു.
1986-ലെ ക്ലാസിക് “ടോപ്പ് ഗൺ” സിനിമയിൽ അദ്ദേഹം നാവിക ഫൈറ്റർ പൈലറ്റായി വേഷമിട്ടു. ടോപ് ഗണ്ണിന്റെ 2022 ലെ തുടർച്ചയായ “ടോപ്പ് ഗൺ: മാവെറിക്ക്” വലിയ ആരാധക ശ്രദ്ധ നേടിയ സിനിമയാണ്. രണ്ട് സിനിമയും കൂടെ ബോക്‌സ് ഓഫീസിൽ $1 ബില്യൺ നേടി. യഥാർത്ഥ “ടോപ്പ് ഗൺ” സിനിമയിലെ ക്രൂസിൻ്റെ ജോലികൾ അക്കാലത്ത് നേവി പൈലറ്റ് റിക്രൂട്ട്‌മെൻ്റിൽ കുതിച്ചുചാട്ടത്തിന് കാരണമായതായി നാവികസേന വാർത്താക്കുറിപ്പിൽ അഭിനന്ദിച്ചു. ചിത്രത്തിൻ്റെ നിർമ്മാതാവ് ജെറി ബ്രൂക്ക്ഹൈമർ, ക്രൂസ് എന്നിവരെ 2020-ൽ ഡിപ്പാർട്ട്മെൻ്റ് ഓണററി നേവൽ ഏവിയേറ്റേഴ്‌സ് ആയി തിരഞ്ഞെടുത്തു.