നടി മധുര നായ്ക്കിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്രായേലില്‍ കൊല്ലപ്പെട്ടു. തന്റെ കണ്‍മുമ്പില്‍ വച്ചാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് മധുര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഹിന്ദി ടിവി താരമായ മധുര ഇന്ത്യന്‍ വംശജയായ ജൂത മത വിശ്വാസിയാണ്.
താന്‍ ഇന്ത്യന്‍ വംശജയായ ജൂത മത വിശ്വാസിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് നടി വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ 3000ത്തോളം ജൂതര്‍ മാത്രമേ ഉള്ളൂ. ഒക്ടോബര്‍ ഏഴാം തീയതി സ്വന്തം കുടുംബത്തിലെ ഒരു മകളും മകനും തങ്ങള്‍ക്ക് നഷ്ടമായി.
കസിന്‍ ഒഡായയും ഭര്‍ത്താവും അവരുടെ മക്കളുടെ കണ്‍മുന്നില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് മധുര എഴുതി. ”ഞാനും എന്റെ കുടുംബവും ഇന്ന് നേരിടുന്ന സങ്കടങ്ങളും വികാരങ്ങളും വാക്കുകളാല്‍ പറഞ്ഞറിയിക്കാനാവില്ല. ഇന്ന് ഇസ്രായേല്‍ വേദനയിലാണ്.”
”അവളുടെ കുട്ടികളും അവളുടെ സ്ത്രീകളും അവളുടെ തെരുവുകളും ഹമാസിന്റെ രോഷത്തില്‍ എരിയുകയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും ദുര്‍ബലരുമായവരെയാണ് ഹമാസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം, ഞങ്ങളുടെ വേദന ലോകം കാണാനായി ഞാന്‍ എന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും ഒരു ചിത്രം പോസ്റ്റ് ചെയ്തു.”
”എന്നാല്‍ പലസ്തീന്‍ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തില്‍ നടക്കുന്നുവെന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ജൂതനായതിന്റെ പേരില്‍ ഞാന്‍ ലജ്ജിച്ചു, അപമാനിക്കപ്പെട്ടു, നോട്ടപ്പുള്ളിയാക്കപ്പെട്ടു. ഇന്ന് ഞാന്‍ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിക്കുന്നു” എന്നാണ് മധുര വീഡിയോയില്‍ പറയുന്നത്.
അതേസമയം, ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമാണ് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചത്. 1700 ഓളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 4000ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.
View this post on Instagram