ഹൊറര്‍ സിനിമകള്‍ കാണുമ്പോള്‍ പേടിക്കാറുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. ‘നീലവെളിച്ചം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ ‘പ്രേതപ്പേടിയെ’ കുറിച്ച് സംസാരിച്ചത്. പ്രേതം പിടിക്കാതിരിക്കാന്‍ ചില വിദ്യകളും ചെറുപ്പകാലത്ത് താന്‍ ചെയ്തിരുന്നു എന്നാണ് ടൊവിനോ പറയുന്നത്.
”ചെറുപ്പത്തില്‍ കാണുന്ന സിനിമകളിലൊക്കെ പ്രേതം കാലില്‍ പിടിച്ചു വലിച്ചാണല്ലോ കൊണ്ടുപോകുക. അതുകൊണ്ട് കിടക്കുമ്പോള്‍ കാല്‍ പുറത്തിടാറില്ല. പിന്നെ പുതപ്പ് പുതച്ചാല്‍ സേഫാണ്. പുതപ്പിനകത്ത് കയറാന്‍ പ്രേതത്തിന് പറ്റില്ലല്ലോ” എന്നാണ് ടൊവിനോ മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
പ്രേതമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ പ്രേതക്കഥകള്‍ കേള്‍ക്കുമ്പോഴും സിനിമകള്‍ കാണുമ്പോഴും പേടിക്കാറുണ്ടെന്നും നടന്‍ പറയുന്നുണ്ട്. പ്രേതാനുഭവമൊന്നും ഉണ്ടായിട്ടില്ല. വിചിത്രമായ ചില അനുഭവങ്ങളുണ്ട്. പക്ഷെ അതൊന്നും പ്രേതമാണെന്ന് കരുതുന്നില്ല.
എല്ലാ കാര്യങ്ങളും വസ്തുതാപരമായി വിശദീകരിച്ചാല്‍ പിന്നെ അതില്‍ ഫണ്‍ ഉണ്ടാകില്ല. അങ്ങനെ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതാണല്ലോ അതിന്റെ രസം. അതിന്റെ കൂടെ കുറച്ച് കാല്‍പനികത കൂടി ചേര്‍ത്ത് അവിടെ വെയ്ക്കണം. കാല്‍പനികതയില്ലാതെ മനുഷ്യന്‍ എങ്ങനെ ജീവിക്കും എന്നാണ് ടൊവിനോ പറയുന്നത്.
അതേസമയം, നീലവെളിച്ചം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ബഷീറിന്റെ കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 20ന് ആണ് റിലീസ് ചെയ്തത്.